Thodupuzha

അധികൃതർ വാക്ക് പാലിച്ചില്ല; ലക്ഷമി അമ്മയുടെ വീട്ടിൽ പ്രളയം

 

തൊടുപുഴ: ഓടയിലെ വെള്ളം കയറി വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് മുനിസിപ്പൽ ഓഫീസിൽ കിടപ്പു സമരത്തിനെത്തിയ മുതലിയാർ മഠം കുറുമ്പലത്ത് ലക്ഷ്മിയമ്മയുടെ വീട്ടിൽ ഇന്ന് പെയ്ത മഴയിൽ പ്രളയമെത്തി. മണ്ണിട്ട് തടസ്സപ്പെടുത്തിയ നീരൊഴുക്ക് സുഗമമാക്കിമമാക്കി ജീവ സുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞ അധികൃതരാരും വിളിച്ചിട്ട് ഫോൺ എടുക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥ. വെള്ളം കെട്ടി നിന്നതിനെ തുടർന്ന് കടപുഴകിയ മരം വീണ് വീടിന്റെ ഓടും ഭിത്തിയും തകർന്നു.
കാൽ നൂറ്റാണ്ടോളമായി താമസിക്കുന്ന വീട്ടിൽ ഒരു വർഷത്തിലേറെയായി തുടരുന്ന ദുരിതത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടാണ് രണ്ടാഴ്ച മുമ്പ് ലക്ഷ്മിയമ്മ എന്ന എൺപത്തിരണ്ടുകാരി മുനിസിപ്പൽ ഓഫീസിൽ കിടപ്പു സമരത്തിനെത്തിയിരുന്നു. ഓടയിലെ വെള്ളം കയറി രൂപപ്പെടുന്ന വെള്ളക്കെട്ട് മൂലം വീട്ടിൽ കിടക്കാനോ പ്രാഥമികാവശ്യങ്ങൾ നടത്താനോ കഴിയാത്ത സാഹചര്യമാണെന്നും വീട് തകർന്നുള്ള ജീവഭയമുണ്ടെന്നും ഇവർ അധികൃതരെ അറിയിച്ചു. മുനിസിപ്പാലിറ്റി, ജില്ലാ കളക്ടർ , മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ തുടങ്ങിയവർക്ക് പരാതി നൽകിയതാണ്. നടപടിക്ക് നിർദേശമുണ്ടെന്നും ഉടൻ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ഉറപ്പ് നൽകി അധികൃതർ ഇവരെ മടക്കി അയച്ചു. കാലങ്ങളായ് വെള്ളമൊഴുകിയിരുന്ന സ്ഥലം സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തിയതും രണ്ടു മുനിസിപ്പൽ കൗൺസിലർമാർ വീടിന്റെ വശങ്ങളിലുള്ള രണ്ടു റോഡുകൾ ടൈലും മക്കുമിട്ട് പൊക്കിയതുമാണ് വെള്ളക്കെട്ടിന് കാരണമായത്. സ്ഥലം സന്ദർശിച്ച മുനിസിപ്പൽ ചെയർമാനും തഹസിൽദാരുമടങ്ങുന്നവർ
സ്വകാര്യ വ്യക്തിയോട് വെള്ളമൊഴുകി പോകാൻ വേണ്ട നടപടികൾക്ക് നിർദ്ദേശം നൽകി , പ്രശ്ന പരിഹാരം ഉണ്ടാകുമെന്ന ഉറപ്പും നൽകി. എന്നാൽ മണ്ണിട്ടു നികത്തിയ സ്വകാര്യ വ്യക്തി പേരിന് ചില നടപടികൾ സ്വീകരിച്ചതൊഴിച്ചാൽ മറ്റൊന്നും നടന്നില്ല. വെള്ളത്തിന്റെ ഒഴുക്ക് കൂടുതൽ തടസ്സപ്പെട്ടതിന്റെ ഫലമാണ് ഇന്നുണ്ടായ പ്രളയം. പരാതി പറയാൻ അധികൃതരെ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ലെന്ന് ലക്ഷ്മിയമ്മ കണ്ണീരോടെ പറയുന്നു.

Related Articles

Back to top button
error: Content is protected !!