ChuttuvattomIdukkiThodupuzha

ഭൂപതിവ് ചട്ട ഭേദഗതി ബില്‍; അവതരണത്തെ എതിര്‍ത്തുവെന്ന പ്രചരണം അടിസ്ഥാന രഹിതം: മാത്യു കുഴല്‍നാടന്‍ എം.എല്‍.എ

തൊടുപുഴ: ഭൂമി പതിവ് ചട്ട ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിനെ താന്‍ എതിര്‍ത്തുവെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പറഞ്ഞു. ബില്‍ അവതരണ നടപടിക്രമങ്ങളിലെ ലംഘനം ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. നിയമപ്രകാരം നിയമസഭയില്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ 24 മണിക്കൂര്‍ മുമ്പെങ്കിലും അംഗങ്ങള്‍ക്ക് നല്‍കേണ്ടതുണ്ട്. ബില്ല് വായിച്ച് മനസിലാക്കാനും നിയമസഭയില്‍ പ്രതികരിക്കാനും ഇത് സഹായിക്കും. എന്നാല്‍ ഭൂപതിവ് ചട്ട ഭേദഗതി ബില്‍ ഇപ്രകാരം ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് ക്രമ പ്രശ്നം ഉന്നയിച്ചത്. ബില്‍ അവതരണത്തിന് തടസവാദം ഉന്നയിച്ചിട്ടില്ല. പ്രസംഗത്തിന്റെ അവസാനത്തില്‍ ചില അഴിമതി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഭരണ പക്ഷം ബഹളമുണ്ടാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ശക്തമായ നിലപാടാണ് താന്‍ സ്വീകരിച്ചിട്ടുള്ളത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ രാഷ്ട്രീയമായും എം.എല്‍.എ എന്ന നിലയില്‍ നിയമസഭയിലും അഭിഭാഷകന്‍ എന്ന നിലയില്‍ നിയമപരമായും ഇതിനായി പോരാടുന്ന വ്യക്തിയാണ്. അതേ സമയം സര്‍ക്കാര്‍ ലാഘവ ബുദ്ധിയോടെയാണ് വിഷയം കൈകാര്യം ചെയ്തത്. സുപ്രധാന ബില്ലുകള്‍ പോലും യാതൊരു ചര്‍ച്ചയും കൂടാതെ പാസാക്കപ്പെടേണ്ടിവരുന്നത് ഗൗരവമായിക്കാണണമെന്നും അദ്ദേഹം പറഞ്ഞു. ഭേദഗതി എങ്ങിനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. കാലങ്ങളായി കൈവശമുള്ള പട്ടയഭൂമി ക്രമപ്പെടുത്താനെന്ന പേരില്‍ ജനങ്ങളെ ദുരിതത്തിലാക്കരുത്. പുതിയ നിര്‍മാണങ്ങള്‍ സംബന്ധിച്ച അവ്യക്തതയും പരിഹരിക്കണം. കര്‍ഷകര്‍ക്കും മലയോരജനതക്കുമൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടി ഉറച്ചു നില്‍ക്കും. ചട്ടം മാത്രമല്ല, നിയമംകൂടി ഭേദഗതി ചെയ്യുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!