Moolammattam

ഭൂമിയുടെ ഉയര്‍ന്ന താരിഫ് വില വെള്ളിയാമറ്റം നിവാസികള്‍ പ്രതിസന്ധിയില്‍

 

വെള്ളിയാമറ്റം: ഭൂമിയുടെ ഉയര്‍ന്ന താരിഫ് വില കാരണം വെള്ളിയാമറ്റം പഞ്ചായത്തുകാര്‍ ബുദ്ധിമുട്ടാന്‍ തുടങ്ങിയിട്ട് പത്ത് വര്‍ഷത്തിലേറെയായി. ഇവിടുത്തെ താരിഫ് വില കുറയ്ക്കുമെന്ന് റവന്യു മന്ത്രി നിയമസഭയില്‍ പറഞ്ഞപ്പോള്‍ നാട്ടുകാര്‍ ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, താരിഫ് കുറയ്ക്കണമെങ്കില്‍ വെള്ളിയാമറ്റം വില്ലേജിലെ പട്ടയം ഉടമകള്‍ വ്യക്തി പരമായി ഫോം നമ്പര്‍ അഞ്ച് പൂരിപ്പിച്ചു നല്‍കണമെന്ന് ഇപ്പോള്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഈ അറിയിപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജുവിന് ലഭിച്ചു. കുടയത്തൂര്‍ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളില്‍ അമിത താരിഫ് വിലയുടെ പ്രശ്നമുണ്ട്. അവിടയും ഈ നിര്‍ദേശം ബാധകമാകും. ഓരോരുത്തരും ഇങ്ങനെ ഫോം പൂരിപ്പിച്ച് നല്‍കി അതില്‍ അന്വേഷണം നടത്തി നടപടിയുണ്ടാകാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. താരിഫ് വില കുറച്ച് ഉത്തരവ് ഇറക്കുകയാണ് വേണ്ടതെന്ന് അവര്‍ പറയുന്നു.
2010-ലാണ് താരിഫ് വില പുതുക്കിയപ്പോള്‍ മുതല്‍ വെള്ളിമറ്റം നിവാസികളുടെ ദുരിതം തുടങ്ങിയത്. തൊടുപുഴ നഗരസഭയിലെ ഭൂമിയുടെ താരിഫ് വിലയ്ക്ക് സമാനമായാണ് മലയോര പഞ്ചായത്ത് മാത്രമായ വെള്ളിയാമറ്റത്ത് വിലയിട്ടത്. കുടുയത്തൂര് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളും ഇതേ പ്രശ്നമുണ്ടായി. അന്നത്തെ റവന്യു ഉദ്യോഗസ്ഥരുടെ തെറ്റായ റിപ്പോര്‍ട്ടായിരുന്നു ഇതിന് കാരണം.
ഇതോടെ ഇവിടുത്തെ ഭൂമിയുടെ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസും അമിതമായി ഉയര്‍ന്നു. ഇത് ഭൂമിയുടെ യഥാര്‍ഥ വിലയേക്കാള്‍ കൂടി. ഇതോടെ ഭൂമി വില്‍പ്പന ഉള്‍പ്പെടെയുള്ളവ അവതാളത്തിലായി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഭൂമി വാങ്ങാന്‍ കഴിയാത്ത അവസ്ഥയായി. ഇതോടെയാണ് പ്രതിഷേധങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്ന് പ്രശ്നത്തില്‍ റവന്യു വകുപ്പ് വിഷയം പരിശോധിച്ചു. തഹസില്‍ദാര്‍ പരിശോധിച്ച് താരിഫ് വില നിര്‍ണയിച്ചതില്‍ പിശകുണ്ടെന്നും അത് കുറയ്ക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് നല്‍കി. കലക്ടര്‍ ഇക്കാര്യം റവന്യു വകുപ്പിനെ അറിയിച്ചു. തുടര്‍ന്നാണ് താരിഫ് വില കുറയ്ക്കാനുള്ള നടപടി തുടങ്ങുന്നത്. ഇതിനിടെയാണ് ഫോം അഞ്ച് പൂരിപ്പിക്കണമെന്ന നിര്‍ദേശം വരുന്നത്.
ഇപ്പോള്‍ തന്നെ പഞ്ചായത്ത് 9000 ല്‍ അധികം അപേക്ഷകള്‍ ശേഖരിച്ച് കഴിഞ്ഞു. ഇത്രയും അപേക്ഷകളില്‍ അന്വേഷണം നടത്തി തീരുമാനം എടുക്കുമ്പോഴേക്കും സമയമേറെയാകും എന്നാണ് ആശങ്ക. അങ്ങനെയെങ്കില്‍ വെള്ളിയാമറ്റത്തെ ഭൂമിപ്രശ്നത്തിന് അടുത്തിടയെങ്ങും പരിഹാരമുണ്ടാകില്ലെന്നാാണ് നാട്ടുകാര്‍ പറയുന്നത്. ഇത്തരം അനാവശ്യ നിര്‍ദേശങ്ങള്‍ നല്‍കി ജനത്തെ ബുദ്ധി മുട്ടിക്കാതെ താരിഫ് വില സര്‍ക്കാര്‍ ഉത്തരവ് വഴി കുറയ്ക്കാന്‍ നടപടി അവശ്യപ്പെട്ട് കര്‍ഷക സംഘം റവന്യു മന്ത്രിക്ക് പരാതി നല്‍കി.

എന്താണ് ഫോം അഞ്ച്

പട്ടയ ഉടമകള്‍ക്ക് സ്ഥലം കൈമാറ്റ സമയത്ത് താരിഫ് വില കുറച്ചു കിട്ടുന്നതിന് കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ളതാണ് ഫോം അഞ്ച്. ഫോം സമര്‍പ്പിക്കുമ്പോള്‍ നിശ്ചിത തുകയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണം. കൂടാതെ ഈ വര്‍ഷം കരം കെട്ടിയ രസീത്, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവയും ഒപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച ഇത്തരം അപേക്ഷകള്‍ നേരിട്ട് കലക്ടര്‍ക്കു നല്‍കണം. അപേക്ഷ സമര്‍പ്പിക്കാനുള്ള ഫോമുകള്‍ വില്ലേജിലെ വിവിധ കടകളില്‍ ലഭ്യമാണ്.
അപേക്ഷ ഫോമുകള്‍ സൗജന്യ മായി ലഭ്യമാക്കുമെന്ന് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദൂബിജു അറിയിച്ചു. എത്രയും വേഗം വെള്ളിയാമറ്റത്തെ കര്‍ഷകരോടും സാധാരണക്കാരോടും കാണിക്കുന്ന അവഗണ അവസാനിപ്പിക്കണമെന്നും ജില്ലയുടെ മന്ത്രി റോഷി അഗസ്റ്റിന്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

Related Articles

Back to top button
error: Content is protected !!