ChuttuvattomThodupuzha

ഭൂ വിനിയോഗ ചട്ടഭേദഗതി തട്ടിപ്പ്: മുസ്ലീം ലീഗ്

തൊടുപുഴ: പിണറായി സര്‍ക്കാരും ഇടതുമുന്നണിയും വലിയ വീരസ്യത്തോടെ അവതരിപ്പിച്ച
ഭൂവിനിയോഗ ചട്ട ഭേദഗതി ഒറ്റനോട്ടത്തില്‍ ഒരു തട്ടിപ്പാണെന്നും പ്രതിഷേധ സമരങ്ങളെയും ജനങ്ങളുടെ അതൃപ്തിയേയും മറികടക്കാന്‍ പടച്ചുണ്ടാക്കിയത് മാത്രമാണിതെന്നും മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ ,ജനറല്‍ സെക്രട്ടറി കെ.എസ് സിയാദ് എന്നിവര്‍ ആരോപിച്ചു. സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ ഇടുക്കിയിലെ കുടിയേറ്റ കര്‍ഷകര്‍ കഴിഞ്ഞ അറുപതുവര്‍ഷമായി നടത്തിവന്ന പരിസ്ഥിതി വിരുദ്ധവും ചട്ടവിരുദ്ധവുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ (ഭേദഗതിനിയമം പ്രാബല്യത്തില്‍ വരുന്ന അന്നുവരെയുളളത്)ബന്ധപ്പെട്ട അധികാരികള്‍ക്ക് നിയന്ത്രണ വിധേയമായും ചട്ടോപാധികള്‍ പ്രകാരവും ക്രമപ്പെടുത്തി നല്‍കാവുന്നതാണ് പുതിയ ഭേദഗതി.ഇനിയങ്ങോട്ടുള്ള നിര്‍മ്മിതികളെക്കുറിച്ച് പറയുന്നില്ല. നിര്‍മ്മാണ നിരോധനം പിന്‍വലിക്കുന്നില്ല.കര്‍ഷകന്റെ ഭൂമിയില്‍ അവനാവശ്യമുള്ള വിധത്തില്‍ ജീവനോപാധി നിര്‍മ്മിതികള്‍ നടത്താന്‍ നിര്‍ദ്ദേശവുമില്ല. സര്‍ക്കാര്‍ ഭാഷ്യത്തില്‍ ചട്ടവിരുദ്ധമായ പഴയ നിര്‍മ്മാണങ്ങള്‍ പിഴയീടാക്കി ക്രമവല്‍ക്കരിച്ചു നല്‍കി സഹായിക്കാം എന്നൊരു വാഗ്ദാനമാണ് ആക്റ്റ് ഉറപ്പാക്കുന്നത്. അവനവന്റെ ഭൂമി അവനവന്റെ ജീവനോപാധി സംബന്ധമായി കൈമാറ്റം ചെയ്യാനും നിര്‍മ്മാണങ്ങള്‍ നടത്താനും അനുവാദം ലഭിക്കുന്ന നിയമ നിര്‍മ്മാണമാണ് ഇടുക്കിയിലെ ജനങ്ങള്‍ക്ക് വേണ്ടതെന്നും ഇപ്പോഴും കാതലായ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ലന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നിഴല്‍ നാടകമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇടത് നേതാക്കള്‍ തിരക്കഥക്കനുസരിച്ച് അഭിനയിക്കുകയാണ്. ചട്ടം ലംഘിച്ച് പണിത വന്‍കിട റിസോര്‍ട്ടുകള്‍ വന്‍പിരിവു കേന്ദ്രങ്ങളാകും. പാവപ്പെട്ടവന്റെ കടമുറിക്ക് വന്‍തുക പിഴയുമടക്കണം. പുതിയതൊന്ന് നിര്‍മ്മിക്കാന്‍ അനുവാദവുമില്ല എന്നതാണ് പുതിയ സ്ഥിതി. സര്‍ക്കാര്‍ വക തട്ടിപ്പിനെതിരെ ഇനിയും പ്രതിഷേധങ്ങളുയരുമെന്നും മുസ് ലിം ലീഗ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!