IdukkiLocal Live

മലങ്കര പാര്‍ക്ക് വഴി പൈപ്പ് സ്ഥാപിക്കല്‍: മുട്ടം -കുടയത്തൂര്‍-കരിങ്കുന്നം പദ്ധതിക്ക് അനുമതിയില്ല

മുട്ടം: മലങ്കര പാര്‍ക്ക് വഴി പൈപ്പ് സ്ഥാപിക്കല്‍: മുട്ടം -കുടയത്തൂര്‍-കരിങ്കുന്നം പദ്ധതിക്ക് അനുമതിയില്ല.കോട്ടയം ജില്ലയെ ജലസമൃദ്ധമാക്കുന്ന മലങ്കര മീനച്ചില്‍ പദ്ധതിക്ക് അനുമതി നല്‍കിയ ജലസേചന വകുപ്പ് മുട്ടം – കുടയത്തൂര്‍ – കരിങ്കുന്നം പദ്ധതിക്ക് അനുമതി നല്‍കിയില്ല.മലങ്കര ജലാശയത്തില്‍ നിന്ന് പെരുമറ്റത്തെ ശുചീകരണ ശാലയിലേക്കും തിരിച്ചും പൈപ്പ് കടന്നു പോകേണ്ടത് മലങ്കര പാര്‍ക്ക് വഴിയാണ്. എന്നാല്‍, ഇടുക്കി ജില്ലയിലെ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല. കാരണവും വ്യക്തമാക്കിയിട്ടില്ല. മുട്ടം പദ്ധതിക്ക് അനുമതി നല്‍കിയാല്‍ മീനച്ചില്‍ പദ്ധതിക്ക് ഒപ്പം പൈപ്പ് സ്ഥാപിക്കാം.അനുമതി വൈകിയാല്‍ രണ്ട് ഘട്ടമായി പൈപ്പ് സ്ഥാപിക്കേണ്ടി വരും. ഇത് പാര്‍ക്ക് പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെലവ് ഇരട്ടിയാക്കുകയും ചെയ്യും. ഒരാഴ്ചക്കകം പാര്‍ക്കിന് സമീപത്തെ പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ത്തിയാകും. ശേഷം പാര്‍ക്കിലേക്കാണ് പൈപ്പ് സ്ഥാപിക്കേണ്ടത്. അകാരണമായി അനുമതി വൈകിപ്പിക്കുന്ന എം.വി.ഐ.പി നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.കൂടാതെ നിര്‍ദിഷ്ടവനഭൂമി വഴി ശങ്കരപ്പള്ളിയിലേക്കും പൈപ്പ് സ്ഥാപിക്കണം. ഇതിനുള്ള അനുമതി പൂര്‍ത്തിയാകുന്നതേ ഉള്ളു. വനഭൂമിയിലൂടെ പൈപ്പ് സ്ഥാപിക്കാന്‍ 1,89,000 രൂപയാണ് ഫീസ് ഇനത്തില്‍ വനം വകുപ്പ് ആവശ്യപ്പെട്ടത്. ഈ ഫീസ് അടച്ചാല്‍ ഉടന്‍ അനുമതി ലഭിക്കുമെന്നാണ് ജലവിഭവ വകുപ്പിന്റെ പ്രതീക്ഷ. അനുമതികള്‍ വേഗത്തിലാക്കി കുടിവെള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!