Thodupuzha

ലൈഫ് മിഷനില്‍ നിന്നും സഹായം നല്‍കണം: മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ: പീരുമേട് പഞ്ചായത്തിലെ അമ്പത്തിയഞ്ചാം മൈലിനു സമീപം രാജമുടിയില്‍ പാറക്കെട്ടില്‍ താമസിക്കുന്ന നസീമക്ക് ലൈഫ് മിഷനില്‍ നിന്നും ധനസഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പീരുമേട് പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്. നസീമക്ക് ഒരു ലക്ഷം രൂപ പ്രളയധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. പരാതിക്കാരിയെ ലൈഫ്മിഷന്റെ അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. പ്രളയത്തില്‍ ഒറ്റമുറി വീട് നശിച്ച ശേഷം വാടക വീട്ടിലാണ് നസീമ താമസിച്ചിരുന്നത്. നസീമയുടെ അഞ്ചംഗ കുടുംബത്തിന് വരുമാനം മുടങ്ങിയതോടെ വാടക നല്‍കാന്‍ നിവൃത്തിയില്ലാതായി. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വന്നതോടെ പുറമ്പോക്കില്‍ ഷെഡ്ഡ് കെട്ടി താമസം തുടങ്ങി. സ്വന്തമായി ഒരു വീടിനു വേണ്ടി നസീമ മുട്ടാത്ത വാതിലുകളില്ല. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിട്ടുണ്ട് എന്നും ഉടന്‍ വീട് ലഭിക്കും എന്നു പീരുമേട് പഞ്ചായത്ത് അറിയിച്ചെങ്കിലും വീട് ലഭിച്ചില്ല. പഴയസാരിയും പുല്ലും മരക്കമ്പില്‍ ചേര്‍ത്തുകെട്ടിയാണ് പാറക്കെട്ടിനു മുകളില്‍ ഷെഡ്ഡ് ഉണ്ടാക്കി നസീമയും രണ്ടു മക്കളും മരുമകനും മൂന്നു വയസുള്ള പേരകുട്ടിയും താമസിക്കുന്നത്. നസീമയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്കു മുമ്പു ഇവരെ ഉപേക്ഷിച്ചു പോയി. തൊഴിലുറപ്പു ജോലിയില്‍ നിന്നും കിട്ടിയിരുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത് . രോഗം പിടിപ്പെട്ടതോടെ ആ വരുമാനവും നിലച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ ഗിന്നസ് മാട സാമിയുടെ പരാതിയിലാണ് നടപടി.

Related Articles

Back to top button
error: Content is protected !!