IdukkiLocal Live

ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30ന് ; പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍

ഇടുക്കി : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവ് വന്നിട്ടുള്ള വാര്‍ഡുകളില്‍ ജൂലൈ 30ന് (ചൊവ്വ) ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 09-പെട്ടേനാട് വാര്‍ഡിലും ഉടുമ്പന്‍ചോല പഞ്ചായത്തിലെ 08-പാറത്തോട്, അറക്കുളം പഞ്ചായത്തിലെ 06-ജലന്ധര്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ 06-തോപ്രാംകുടിയിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. ഇതുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റിയിലെ പെട്ടേനാട് വാര്‍ഡിലും വാത്തിക്കുടി, ഉടുമ്പന്‍ചോല, അറക്കുളം പഞ്ചായത്തുകളിലും മാതൃകാ പെരുമാറ്റചട്ടം ബാധകമാണ്.

ജൂലൈ 1 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അന്തിമമായി പ്രസിദ്ധീകരിച്ചിട്ടുള്ള വോട്ടര്‍ പട്ടികയാണ് ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കുക. ജൂലൈ 4(വ്യാഴം) മുതല്‍ 2024 ജൂലൈ 11 (വ്യാഴം) വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.സൂക്ഷ്മ പരിശോധന 2024 ജൂലൈ 12 (വെള്ളി) , സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 15(തിങ്കള്‍) ഉം ആണ്. ജൂലൈ 30(ചൊവ്വ) രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂലൈ 31 (ബുധന്‍) രാവിലെ 10ന് നടക്കും. അന്ന് തന്നെ ഫലം പ്രഖ്യാപിക്കുന്നതുമാണ്. പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന് രണ്ടായിരം രൂപയും, ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ മത്സരിക്കുന്നതിന് നാലായിരം രൂപയും മുനിസിപ്പാലിറ്റി വാര്‍ഡുകളില്‍ മത്സരിക്കുന്നതിന് നാലായിരം രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ നിക്ഷേപത്തുകയായി കെട്ടിവെക്കേണ്ടത്.

എന്നാല്‍ പട്ടികജാതിയിലോ പട്ടികവര്‍ഗ്ഗത്തിലോപെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെക്കേണ്ട തുക നിശ്ചയിച്ചിട്ടുള്ള തുകയുടെ അന്‍പത് ശതമാനം ആയിരിക്കും, സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ പരിധി ബ്ലോക്ക് പഞ്ചായത്ത് നിയോജകമണ്ഡലത്തില്‍ 75,000/ രൂപയും (എഴുപത്തയ്യായിരം) മുനിസിപ്പാലിറ്റി 75,000/രൂപയും (എഴുപത്തയ്യായിരം) പഞ്ചായത്ത് നിയോജകമണ്ഡലങ്ങളില്‍ 25,000/(ഇരുപത്തയ്യായിരം) രൂപയുമാണ്. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!