Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി ഏപ്രില്‍ 16 ? ; പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി ചീഫ് ഇലക്ടറല്‍ ഓഫീസര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ തീയതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി 2024 ഏപ്രില്‍ 16 ആണെന്ന് സൂചിപ്പിച്ചിരുന്നു. എന്നാലിത് തെരഞ്ഞെടുപ്പ് തീയതി അല്ലെന്നും തെരഞ്ഞെടുപ്പ് പ്ലാനിംഗിനും റഫറന്‍സിനും തയ്യാറാകുന്നതിനും വേണ്ടി നല്‍കിയ തീയതിയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി. തീയതി സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ മാധ്യമങ്ങളില്‍ നിന്ന് വരുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള റഫറന്‍സിനായി മാത്രമാണ് തീയതി ഏപ്രില്‍ 16 എന്ന് നല്‍കിയിരിക്കുന്നതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പങ്കുവച്ച പോസ്റ്റില്‍ പറഞ്ഞു.അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് ആകെ 2.7 കോടി വോട്ടര്‍മാര്‍. 5.75 ലക്ഷം പുതിയ വോട്ടര്‍മാര്‍. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 3.75 ലക്ഷം പേര്‍ ഒഴിവായി. സംസ്ഥാനത്ത് 1,39,96,729 സ്ത്രീ വോട്ടര്‍മാരും 1,31,02,288 പുരുഷ വോട്ടര്‍മാരും ആണ് ഉള്ളത്.കൂടുതല്‍ വോട്ടര്‍മാരുള്ള ജില്ല മലപ്പുറമാണ് (32,79, 172). കുറവ് വോട്ടര്‍മാരുള്ള ജില്ലയാണ് വയനാടാണ് (6,21,880). പ്രവാസി വോട്ടര്‍മാരായി 88,223 ഉണ്ട്. സംസ്ഥാനത്ത് ആകെ പോളിംഗ് സ്റ്റേഷനുകള്‍ എണ്ണം 25,177 ആയി. അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനാകാത്തവര്‍ക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വരെ അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.അന്തിമ വോട്ടര്‍ പട്ടിക സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റില്‍ പരിശോധിക്കാന്‍ കഴിയും. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ വോട്ടര്‍പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റാം. പുതുതായി 17.1 ലക്ഷം കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഹോളോഗ്രാമുള്ള കൂടുതല്‍ സുരക്ഷിതമായവയാണ് പുതിയ കാര്‍ഡുകള്‍.

 

Related Articles

Back to top button
error: Content is protected !!