Kerala

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ വനിതാ പ്രാതിനിധ്യത്തില്‍ മുന്നില്‍ ബിജെപി

തിരുവനന്തപുരം : സ്ത്രീശാക്തീകരണത്തെ കുറിച്ച് രാഷ്ട്രീയ കക്ഷി നേതാക്കളെല്ലാം വാതോരാതെ സംസാരിക്കും. എന്നാല്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളുടെ കാര്യം വരുമ്പോള്‍ പുറത്തിരിക്കാനാണ് വനിതകളുടെ വിധി. കേരളത്തില്‍ നിന്ന് ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഒമ്പത് വനിതകള്‍ മാത്രമാണ് ലോക്‌സഭയിലെത്തിയത്. കേരളത്തില്‍ ഇന്നുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലെയും വോട്ടര്‍ പട്ടിക പ
രിശോധിച്ചാല്‍ വനിതകളാണ് കൂടുതല്‍. എന്നാല്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ ചിത്രം വ്യക്തമായിരിക്കുകയാണ്. മൂന്ന് മുന്നണികളുടെ 60 സ്ഥാനാര്‍ഥികളും കളം നിറഞ്ഞിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ ക്ഷമ മുഹമ്മദിന്റെ സ്ത്രീ പ്രാതിനിധ്യത്തെക്കുറിച്ചുള്ള പരാമര്‍ശം ഏറെ ചര്‍ച്ചയായിരുന്നു. എല്ലാ മുന്നണികളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ്. ഇതില്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണ്. 20 മണ്ഡലങ്ങളിലായി ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി അഞ്ചു സ്ത്രീകളെയാണ് കളത്തിലിറക്കിയിരിക്കുന്നത്.

20 മണ്ഡലങ്ങളില്‍ 9 വനിതകളാണ് മത്സരരംഗത്തുള്ളത്. ബിജെപി നയിക്കുന്ന എന്‍ഡിഎ അഞ്ചും, എല്‍ഡിഎഫ് മൂന്നും, കോണ്‍ഗ്രസ് ഒന്ന് എന്നങ്ങിനെയാണ് മുന്നിണികളിലെ വനിതാ പ്രാതിനിധ്യം. ആലത്തൂര്‍, ആലപ്പുഴ, കാസര്‍ഗോഡ്, പൊന്നാനി, ഇടുക്കി എന്നീ മണ്ഡലങ്ങളിലാണ് ബിജെപിയുടെ നാരീശക്തി സാന്നിധ്യം. ആലപ്പുഴ, ആലത്തൂര്‍, പൊന്നാനി, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ താമര ചിഹ്നത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍ ഇടുക്കിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയാണ് ജനവിധി തേടുന്നത്. ആലപ്പുഴയില്‍ ശോഭാ സുരേന്ദ്രന്‍, ആലത്തൂരില്‍ ഡോ. ടിഎന്‍ സരസു, പൊന്നാനിയില്‍ നിവേദിത സുബ്രഹ്‌മണ്യന്‍, കാസര്‍ഗോഡില്‍ എം എല്‍ അശ്വിനി എന്നിവരാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. ഇടുക്കിയില്‍ സംഗീത വിശ്വനാഥന്‍ ആണ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി. ആലപ്പുഴയിലെ ശോഭാ സുരേന്ദ്രന്‍ ഏറ്റുമുട്ടുന്നത് രണ്ട് പാര്‍ലമെന്റ് അംഗങ്ങളോടാണ്. സിറ്റിംഗ് എംപി ആരിഫിനോടും രാജ്യസഭാ എംപി കെ സി വേണുഗോപാലിനോടും.

കഴിഞ്ഞ തവണ ആലത്തൂരില്‍ പാട്ടുംപാടി ജയിച്ച നിലവിലെ ഏക വനിതാ എംപി രമ്യാ ഹരിദാസ് മാത്രമാണ് യുഡിഎഫിലെ വനിത. അത് പട്ടികജാതി സംവരണ മണ്ഡലം ആണ് എന്നതും ശ്രദ്ധേയമാണ്. മന്ത്രി രാധാകൃഷ്ണനെതിരെയാണ് മത്സരം. ഇത്തവണ മത്സരം കടുക്കുക തന്നെ ചെയ്യും. അതേസമയം എല്‍ഡിഎഫ് വടകര, എറണാകുളം, വയനാട് എന്നീ മണ്ഡലങ്ങളിലാണ് വനിതകളെ ഇറക്കിയിരിക്കുന്നത്. സംസ്ഥാന നിയമസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനുടമയായ കെ കെ ഷൈലജയെയാണ് വടകരയില്‍ ഇറക്കിയിരിക്കുന്നത്. എറണാകുളത്ത് കെ എസ്ടിഎ നേതാവും പറവൂര്‍ നഗരസഭാംഗവുമായ കെ ജെ ഷൈനും അരിവാള്‍ ചുറ്റി നക്ഷത്രത്തില്‍ ജനവിധി തേടും. സിപിഎം പട്ടികയിലേക്ക് അപ്രതീക്ഷിതമായി വന്ന പേരാണ് ഷൈന്‍.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയോട് ഏറ്റുമുട്ടാന്‍ സിപിഐ കളത്തിലിറക്കിയിരിക്കുന്ന് ഒരു വനിതയെയും ദേശീയ നേതാവിനെയും തന്നെയാണ്. കണ്ണൂര്‍കാരിയായ ആനിരാജയാണ് സിപിഐ സ്ഥാനാര്‍ത്ഥി. ആലത്തൂരിലെ സിറ്റിംഗ് എംപി രമ്യാ ഹരിദാസും ആലപ്പുഴയിലെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ഒഴികെയുള്ളവര്‍ ലോക് സഭാ മത്സരത്തില്‍ കന്നിക്കാര്‍ കൂടിയാണ്.

അതേസമയം മറ്റൊരു കണക്ക് കൂടി ശ്രദ്ധേയമാണ് കേരളത്തില്‍ നിന്ന് ഇതുവരെ 9 വനിതകള്‍ മാത്രമാണ് ലോക്‌സഭയിലേക്കെത്തിയിട്ടുള്ളത്. കേരളരൂപീകരണത്തിന് അഞ്ചുവര്‍ഷം മുന്‍പ് 1951ലെ ആദ്യ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് ആനി മസ്‌ക്രീന്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്‌സഭയിലെത്തിയതും കൂടി ചേര്‍ത്താണ് ഈ കണക്ക്. ആകെയുള്ള ഒമ്പതു പേരില്‍ അഞ്ചുപേരെയും വിജയിപ്പിച്ച് ലോക്‌സഭയിലേക്ക് അയച്ചത് സിപിഎമ്മാണ്. ഒരാളെ സിപിഐയും. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസിന് രണ്ടു വനിതകളെ മാത്രമാണ് ലോക്‌സഭയില്‍ എത്തിക്കാനായത്. സാവിത്രി ലക്ഷ്മണ്‍, രമ്യ ഹരിദാസ് എന്നിവരാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോക്‌സഭയിലെത്തിയ വനിതകള്‍.

 

Related Articles

Back to top button
error: Content is protected !!