Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്: കേരളത്തിലെ ചിത്രം വ്യക്തം; അവസാന ദിനത്തില്‍ പത്രിക സമര്‍പ്പിച്ച് നേതാക്കള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാനദിനമായ ഇന്ന് നിരവധി പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. രാജീവ് ചന്ദ്രശേഖര്‍, കെ. സുരേന്ദ്രന്‍, കെ.സി. വേണുഗോപാല്‍, ഷാഫി പറമ്പില്‍, എ.എം. ആരിഫ്, സി കൃഷ്ണകുമാര്‍, ബൈജു കലാശാല, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ്, ഹൈബി ഈഡന്‍ എന്നിവരാണ് ഇന്ന് പത്രിക സമര്‍പ്പിച്ചത്.

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ കുടപ്പനക്കുന്ന് കളക്ടറേറ്റില്‍ എത്തിയാണ് വരണാധികാരി ജെറോമിക് ജോര്‍ജ്ജിന് മുമ്പാകെ 11.10ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ബി.ജെ.പി അഖിലേന്ത്യ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ള കുട്ടി, മുന്‍ അംബാസിഡര്‍ ടി.പി ശ്രീനിവാസന്‍, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷന്‍ വി.വി രാജേഷ്, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് എന്നിവരും സ്ഥാനാര്‍ത്ഥിയോടൊപ്പമുണ്ടായിരുന്നു. സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ സ്വരൂപിച്ചു നല്‍കിയ തുകയാണ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിന് കെട്ടിവെക്കാനായി നല്‍കിയത്.

വയനാട് ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ റോഡ് ഷോയ്ക്ക് ശേഷം റിട്ടേണിംഗ് ഓഫീസര്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് മുമ്പാകെയാണ് പത്രിക നല്‍കിയത്. നാലു സെറ്റ് പത്രികയാണ് സുരേന്ദ്രന്‍ സമര്‍പ്പിച്ചത്. ഒരാള്‍ ഡമ്മിയായും പത്രിക നല്‍കി. പത്രിക സമര്‍പ്പിക്കുമ്പോഴും റോഡ് ഷോയ്ക്കും കേന്ദ്രമന്ത്രി സ്മൃതി ഇറാനി അനുഗമിച്ചു.

പാലക്കാട് ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ പാലക്കാട് മണ്ഡലം വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ എസ് ചിത്ര മുന്‍പാകെയാണ് പത്രിക നല്‍കിയത്. നാല് സെറ്റ് പത്രികയാണ് നല്‍കിയത്. കോട്ടമൈതാനം അഞ്ചു വിളക്കിന് മുന്നില്‍ നിന്നും ജനകീയ യാത്ര നയിച്ചു കൊണ്ടാണ് സി കൃഷ്ണകുമാര്‍ പത്രിക നല്‍കാന്‍ കളക്ടറേറ്റില്‍ എത്തിയത്. നൂറു കണക്കിന് എന്‍ഡിഎ പ്രവര്‍ത്തകര്‍ യാത്രയില്‍ പങ്കെടുത്തു.

മാവേലിക്കര മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ബൈജു കലാശാല ഉപവരണാധികാരിയായ ചെങ്ങന്നൂര്‍ ആര്‍ഡിഒ ജി. നിര്‍മല്‍ കുമാറിന് മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്. മൂന്നു സെറ്റ് പത്രികയാണ് നല്‍കിയത്. ബിജെപി – ബിഡിജെഎസ് നേതാക്കള്‍ക്ക് ഒപ്പമാണ് സ്ഥാനാര്‍ഥി പത്രിക നല്‍കാന്‍ എത്തിയത്.

മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് ഉപ വരണാധികാരി ആയ ചെങ്ങന്നൂര്‍ ആര്‍ഡിഒ ജി. നിര്‍മ്മല്‍ കുമാറിന് മുന്നിലാണ് പത്രിക നല്‍കിയത്. മൂന്ന് സെറ്റ് പത്രികയാണ് നല്‍കിയത്. ചെങ്ങന്നൂര്‍ നഗരത്തില്‍ നിന്ന് പ്രകടനം ആയി എത്തിയാണ് പത്രിക നല്‍കിയത്.

കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് നേതാക്കള്‍ക്കൊപ്പം പ്രകടനമായി കോട്ടയം കളക്ടറേറ്റില്‍ എത്തിയാണ് ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്. 3 സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. മണ്ഡലത്തിലെ എല്‍ഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ കഴിഞ്ഞദിവസം പത്രിക നല്‍കിയിരുന്നു .

എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ എറണാകുളം കളക്ടേറ്റിലെത്തി തെരഞ്ഞെടുപ്പ് വാരണാധികാരിക്ക് മുന്നില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. ജനങ്ങള്‍ നല്‍കുന്നത് വലിയ ആത്മവിശ്വാസമെന്നും മികച്ച ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിര്‍ത്തുമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. എറണാകുളത്തെയും ചാലക്കുടിയിലെയും ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികളായ ആന്റണി ജൂഡി, ചാര്‍ളി പോള്‍ എന്നിവരും നാമനിര്‍ദ്ദേശ പത്രിക നല്‍കി.

വടകര ലോക്‌സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വടകര ആര്‍ഡിഒ പി അന്‍വര്‍ സാദത്ത് മുന്‍പാകെ 3 സെറ്റ് പത്രികയാണ് നല്‍കിയത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ കെ രമ, അച്ചൂ ഉമ്മന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു. വടകര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് വനിതകള്‍ പങ്കെടുത്ത റാലിയോടെയാണ് ഷാഫി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. വടകരയിലെത് അച്ചു ഉമ്മന്‍ പങ്കെടുത്ത ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി കൂടിയായിരുന്നു.

 

Related Articles

Back to top button
error: Content is protected !!