Idukki

ലോക്സഭ തിരഞ്ഞെടുപ്പ് ; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം :   ജില്ലാ കളക്ടര്‍

ഇടുക്കി : ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇടുക്കി പൂര്‍ണ്ണസജ്ജമായതായി തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. സുതാര്യവും സുരക്ഷിതവുമായി വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇടുക്കി മണ്ഡലത്തിലെ ഏക വോട്ടെണ്ണല്‍ കേന്ദ്രം പൈനാവ് എം ആര്‍ എസ് സ്‌കൂളാണ് .രാവിലെ 7.30 ന് സ്ട്രേംഗ് റൂമുകള്‍ തുറക്കും. 8ന് വോട്ടെണ്ണല്‍ ആരംഭിക്കും .പോസ്റ്റല്‍ ബാലറ്റുകളും വോട്ടിംഗ് യന്ത്രത്തിലെ ബാലറ്റുകളും ഒരേ സമയം എണ്ണിത്തുടങ്ങും. വരണാധികാരിയുടെ നേതൃത്വത്തില്‍ 4 ഹാളുകളില്‍ സജ്ജീകരിച്ചിട്ടുള്ള 18 ടേബിളുകളിലാകും പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുക. നിയമസഭാ മണ്ഡലം തിരിച്ച് 7 ഹാളുകളിലായി വോട്ടിംഗ് യന്ത്രങ്ങളിലെ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും . ഓരോ ഹാളിലും 14 ടേബിളുകള്‍ ഉണ്ടാകും .

കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍, മൈക്രോ ഒബ്സര്‍വര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികള്‍, നിരീക്ഷകര്‍, തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ എന്നിവര്‍ക്ക് മാത്രമാണ് വോട്ടെണ്ണല്‍ ഹാളിലേക്ക് പ്രവേശനമുള്ളത്. കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് സ്ഥാനാര്‍ത്ഥിയുടെ പേരും നിര്‍ദിഷ്ട ടേബിള്‍ നമ്പറും വ്യക്തമാക്കുന്ന ബാഡ്ജ് റിട്ടേണിംഗ് ഓഫീസര്‍ നല്‍കും. വോട്ടെണ്ണല്‍ മുറിയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാര്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അധികാരമില്ല. ഓരോ അസംബ്ലി മണ്ഡലത്തിലെയും വോട്ടുകള്‍ എണ്ണാന്‍ ഒരോ ഹാള്‍ ഉണ്ടായിരിക്കും. ഒരോ ഹാളിലും 14 മേശകളാണ് ഉണ്ടാവുക. ഓരോ മേശയ്ക്കും ഒരു കൗണ്ടിങ് സൂപ്പര്‍വൈസര്‍ ഉണ്ടാവും. ഇത് ഗസറ്റഡ് റാങ്കുള്ള ഓഫീസറായിരിക്കും. ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിവരും വോട്ടെണ്ണല്‍ മേശയ്ക്കു ചുറ്റുമുണ്ടാവും. വോട്ടെണ്ണലിന്റെ സുതാര്യത ഉറപ്പുവരുത്തുകയാണ് മൈക്രോ ഒബ്സര്‍വറുടെ ഡ്യൂട്ടി. മൂന്ന് ഘട്ട റാന്‍ഡമൈസേഷന്‍ വഴിയാണ് വോട്ടെണ്ണലിനുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. രണ്ടാം ഘട്ട റാന്‍ഡമൈസേഷനിലാണ് നിയമസഭാ മണ്ഡലം അനുസരിച്ച് ജീവനക്കാരെ നിയോഗിക്കുക. വോട്ടെണ്ണല്‍ ദിനം പുലര്‍ച്ചെ 5 മണിക്ക് നടക്കുന്ന മൂന്നാംഘട്ട റാന്‍ഡമൈസേഷനിലാണ് വോട്ടെണ്ണല്‍ മേശയുടെ വിശദാംശങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുക.

വോട്ടെണ്ണല്‍ ഇങ്ങനെ

രാവിലെ 7.30 ന് സ്ട്രോംഗ് റൂമുകള്‍ തുറക്കപ്പെടും. റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.

വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്ത് വെക്കുക. കൗണ്ടിംഗ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിംഗ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ വോട്ടിംഗ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍പൊട്ടിക്കും. തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീര്‍ന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകന്‍ അതില്‍ നിന്നും ഏതെങ്കിലും രണ്ടു മെഷീന്‍ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും. അത് കഴിഞ്ഞാല്‍ ആ റൗണ്ടിന്റെ ടാബുലേഷന്‍ നടത്തി ആ റൗണ്ടിന്റെ റിസള്‍ട്ട് റിട്ടേണിംഗ് ഓഫീസര്‍ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിംഗ് ഓഫീസര്‍ എണ്ണിക്കഴിഞ്ഞ വോട്ടിംഗ് മെഷീനുകള്‍ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കും.

എല്ലാ റൗണ്ടിലെയും വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷന്‍ നടത്തുകയുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും റാന്‍ഡമായി തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുമെന്നാണ് കണക്ക്. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം.

പോസ്റ്റല്‍ ബാലറ്റിന് പ്രത്യേക ക്രമീകരണം

കൗണ്ടിംഗ് ഹാളില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് പ്രത്യേകം മേശ ഒരുക്കിയിരിക്കും. ഒരു ടേബിളില്‍ പരമാവധി 500 വോട്ട് ആണ് എണ്ണുക. പോസ്റ്റല്‍ ബാലറ്റ് റിട്ടേണിംഗ് ഓഫീസറുടെ മേശയിലായിരിക്കും എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നതിന്റെ മേല്‍നോട്ടത്തിന് ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കും. പോസ്റ്റല്‍ വോട്ടെണ്ണല്‍ പ്രക്രിയ റിട്ടേണിംഗ് ഓഫീസറും തിരഞ്ഞെടുപ്പ് നിരീക്ഷനും സദാ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്ന മേശയിലേക്ക് സ്ഥാനാര്‍ത്ഥിയോ ഇലക്ഷന്‍ ഏജന്റോ പ്രത്യേകമായി തന്നെ ഒരു കൗണ്ടിംഗ് എജന്റിനെ നിയമിച്ചിരിക്കും.

സര്‍വീസ് വോട്ടര്‍മാരുടെ ഇടിപിബിഎസ് വോട്ടുകളും തപാല്‍ വോട്ടുകള്‍ പോലെ റിട്ടേണിംഗ് ഓഫീസറുടെ മേശയിലാണ് എണ്ണുക. വോട്ടെണ്ണല്‍ ദിവസം 8 മണിവരെ ലഭിച്ച ഇടിപിബിഎസുകള്‍ വോട്ടെണ്ണലിന് പരിഗണിക്കും. ക്യു ആര്‍ കോഡ് റീഡര്‍ ഉപയോഗിച്ച് വോട്ടുകള്‍ റീഡ് ചെയ്യുന്ന അസിസ്റ്റന്റ് കൂടാതെ ഒരുസൂപ്പര്‍വൈസറും എആര്‍ഒയും ഇതിനായുണ്ടാവും. ക്യു ആര്‍ കോഡ് റീഡിങ്ങിന് ശേഷം കവറുകള്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിന് ഒരുക്കിയ മേശകളിലേക്ക് എണ്ണുന്നതിന് കൈമാറും. ലഭിച്ച തപാല്‍ വോട്ടുകളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി സാധുവായ തപാല്‍ വോട്ടുകള്‍ തരംതിരിച്ച ശേഷം ഓരോ സ്ഥാനാര്‍ഥിക്കും എത്ര ലഭിച്ചുവെന്ന് പരിശോധിച്ച് എണ്ണിത്തിട്ടപ്പെടുത്തി ഫോം 20 ലുള്ള റിസള്‍ട്ട് ഷീറ്റില്‍ രേഖപ്പെടുത്തിയ ശേഷം ഫലം പ്രഖ്യാപിക്കുകയാണ് പിന്നീട് ചെയ്യുക. വിജയിച്ച സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച ഭൂരിപക്ഷം വോട്ടെണ്ണല്‍ സമയത്ത് അസാധുവാണെന്ന് കണ്ടെത്തി തിരസ്‌കരിച്ച തപാല്‍വോട്ടുകളേക്കാള്‍ കുറവാണെങ്കില്‍ ഫലപ്രഖ്യാപനത്തിന് മുമ്പ് റിട്ടേണിംഗ് ഓഫീസര്‍ അസാധുവായ മുഴുവന്‍ വോട്ടുകളും വീണ്ടും പരിശോധിക്കും. പുനപ്പരിശോധന മുഴുവന്‍ വീഡിയോ റെക്കോഡ് ചെയ്യുകയും ചെയ്യും.

 

Related Articles

Back to top button
error: Content is protected !!