IdukkiLocal Live

മകരവിളക്ക് മഹോത്സവം : ജില്ലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി:ശബരിമല മകരവിളക്ക് ദര്‍ശനത്തിനായുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങളിലാണ് ദര്‍ശന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ ഭക്തരെ പ്രതീക്ഷിക്കുന്നുവെന്നും കുറ്റമറ്റ സംവിധാനങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളതെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. 1400 ഓളം പോലീസുകാരെയാണ് വിവിധ പോയിന്റുകളിലായി നിയോഗിക്കുക . വള്ളക്കടവില്‍ നിന്ന് പുല്ലുമേട് ടോപ്പ് വരെ ഓരോ 2 കിലോമീറ്റര്‍ ഇടവിട്ട് ആംബുലന്‍സ് ,മെഡിക്കല്‍ ടീമിന്റെ സേവനം , 1 കിലോമീറ്റര്‍ ഇടവിട്ട് കുടിവെള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ഐസിയു ആംബുലന്‍സ് , മെഡിക്കല്‍ ടീം തുടങ്ങിയ സേവനങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് ലഭ്യമാക്കുക. പൊതുമരാമത്ത് വകുപ്പ് സുരക്ഷാ ബാരിക്കേഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട് . ഉപ്പുപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ 5000 ലിറ്റര്‍ വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കുന്ന ജോലി വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കി. കോഴിക്കാനത്ത് 2000 ലിറ്റര്‍ വെള്ളം ശേഖരിക്കാന്‍ കഴിയുന്ന ടാങ്കും മറ്റ് സ്ഥലങ്ങളില്‍ ചെറിയ ടാങ്കുകളും സ്ഥാപിക്കും .6 പോയിന്റുകളില്‍ അഗ്‌നിരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട് . കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിലോമീറ്റര്‍ വെളിച്ച സംവിധാനം സജ്ജീകരിച്ചു. ഭക്തര്‍ക്ക് മലയാളം ,തമിഴ് ,തെലുങ്ക് ,കന്നഡ ഭാഷകളില്‍ അറിയിപ്പുകള്‍ നല്‍കും . പുല്ലുമേട് ടോപ്പില്‍ മിന്നല്‍രക്ഷാ സംവിധാനം തയ്യാക്കിയിട്ടുണ്ട് . കോഴിക്കാനം , പുല്ലുമേട് എന്നിവിടങ്ങളില്‍ വനംവകുപ്പ് ഭക്തര്‍ക്കായി കഫ്റ്റീരിയ സേവനം നല്‍കും. മകരവിളക്ക് ദിവസം ബിഎസ്എന്‍ എല്‍ പുല്ലുമേട്ടില്‍ മൊബൈല്‍ സേവനം ഉറപ്പാക്കും .

കുമളിയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ ഉച്ചയ്ക്ക് 1 മണി വരെ മാത്രമാകും സര്‍വീസ് നടത്തുക. 65 സര്‍വീസുകളാണ് നിലവില്‍ പ്ലാന്‍ ചെയ്തിട്ടുള്ളത് , എന്നാല്‍ ആവശ്യമെങ്കില്‍ കൂടുതല്‍ ബസുകള്‍ എത്തിക്കും .വള്ളക്കടവ് ചെക്ക്‌പോസ്‌റ് വഴി ഉച്ചയ്ക്ക് 2 മണിവരെ മാത്രമെ ഭക്തരെ പ്രവേശിപ്പിക്കുകയുള്ളൂ . ശബരിമലയില്‍നിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ മാത്രമേ യാത്ര ചെയ്യാന്‍ കഴിയൂ. വിളക്ക് കണ്ട് കഴിഞ്ഞ ശേഷം തിരികെ ശബരിമലയിലേക്ക് പോകാന്‍ അനുവദിക്കില്ല. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് കര്‍പ്പൂരം കത്തിക്കുന്നതടക്കമുള്ളവ പുല്ലുമേട്ടില്‍ ഒഴിവാക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.പ്ലാസ്റ്റിക് , നിരോധിത വസ്തുക്കള്‍ തുടങ്ങിയവ അനുവദിക്കില്ല.
വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് സ്റ്റേഡിയം ,വാളാടി ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത് . തമിഴ്നാട്ടില്‍നിന്ന് ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ കുമളിയില്‍ നിന്ന് കമ്പംമേട് ,കട്ടപ്പന,കുട്ടിക്കാനം വഴി യാത്രചെയ്യേണ്ടതാണ്.

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കുമളിയില്‍ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് ,സബ് കലക്ടര്‍ അരുണ്‍ എസ് നായര്‍ , വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിന് ശേഷം കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പുല്ലുമേട് ,പരുന്തുംപാറ , പാഞ്ചാലിമേട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

 

Related Articles

Back to top button
error: Content is protected !!