Kerala

മകരവിളക്ക്:സുരക്ഷയ്ക്കായി 1000 അധികം പോലീസ് ഉദ്യോഗസ്ഥര്‍

പത്തനംതിട്ട: ഈ വര്‍ഷത്തെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാന്‍ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരെ കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പറഞ്ഞു. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാല് എസ്.പി.മാര്‍, 19 ഡി.വൈ.എസ്.പിമാര്‍, 15 ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമാണ് ആയിരം പേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ എല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തര്‍ക്കായി കൃത്യമായ എക്‌സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദര്‍ശനത്തിനായി ഭക്തര്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ എല്ലാം വെളിച്ചം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് കൃത്യമായ ഏകോപനത്തോടെയാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേവസ്വം കോംപ്ലക്‌സില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സന്നിധാനത്തും പരിസരത്തും പോലീസ് മേധാവി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൊടിമരത്തിനു സമീപത്തും പതിനെട്ടാം പടിയും സന്ദര്‍ശിച്ചു. തുടര്‍ന്ന് സന്നിധാനത്തു നിന്ന് മാളികപ്പുറത്തേക്കുളള നടപ്പാതയും മാളികപ്പുറം ക്ഷേത്രവും സന്ദര്‍ശിച്ചു. തുടര്‍ന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരെയും മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരിയെയും കണ്ടു. തന്ത്രി പ്രസാദം നല്‍കി പോലീസ് മേധാവിയെ സ്വീകരിച്ചു. മേല്‍ശാന്തി അദ്ദേഹത്തെ പൊന്നാടയണിയിച്ചു. സന്നിധാനത്തെയും പരിസരത്തെയും സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷം ഉച്ചയ്ക്ക് ശേഷം അദ്ദേഹം മലയിറങ്ങി.

 

Related Articles

Back to top button
error: Content is protected !!