Local LiveMuttom

മലങ്കര ടൂറിസം വികസനം: സര്‍ക്കാര്‍ ഇടപെടുന്നു

മുട്ടം: മലങ്കര ടൂറിസം ഹബ്ബില്‍ വിവിധ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. ഇത് സംബന്ധിച്ച നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെ യോഗം തിരുവനന്തപുരത്ത് ചേരും. സര്‍ക്കാര്‍ – പൊതുജന പങ്കാളിത്ത പദ്ധതി , ഉത്തര വാദിത്ത ടൂറിസം മിഷന്‍ തുടങ്ങിയ പദ്ധതികളാണ് മലങ്കര ഹബ്ബ് വികസനത്തിനായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. സര്‍ക്കാരും സ്വകാര്യ സംരഭകരും വിവിധ വികസന ഏജന്‍സികളും സംയുക്തമായി പണം മുടക്കുന്ന പങ്കാളിത്ത പദ്ധതി പ്രകാരം ലഭിക്കുന്ന വരുമാനം നിശ്ചിത അനുപാതത്തില്‍ പണം മുടക്കുന്നവര്‍ പങ്കിടും. വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ അടുത്ത നാളില്‍ സ്ഥാപിച്ച ചില്ല്പാലം ഇത്തരത്തിലുള്ള പദ്ധതിയാണ്. എന്നാല്‍ സ്വകാര്യ സംരഭകരും വിവിധ വികസന ഏജന്‍സികളും സ്വന്തം പണം മാത്രം ഉപയോഗിച്ച് പ്രാദേശികമായി നടപ്പാക്കുന്ന സംരംഭമാണ് ഉത്തര വാദിത്ത ടൂറിസം മിഷന്‍. ഇത്തരം പദ്ധതികളില്‍ നിന്ന് ലഭിക്കുന്ന വരുമാനം പണം മുടക്കുന്ന സംരംഭകര്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. എന്നാല്‍ സംരംഭം പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരിന് വാടകയിനത്തില്‍ നിശ്ചിത ഫീസ് നല്‍കണം. ഇത്തരത്തിലുള്ള പദ്ധതികള്‍ മലങ്കരയില്‍ നടപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു.
രണ്ട് പദ്ധതികളും നടപ്പാക്കിയാല്‍ വന്‍ വികസന സാധ്യതകളാണ് മലങ്കരയെ കാത്തിരിക്കുന്നത്. പ്രത്യക്ഷമായും പരോക്ഷമായും നൂറില്‍പ്പരം ആളുകള്‍ക്ക് തൊഴില്‍ അവരങ്ങളും സൃഷ്ടിക്കപ്പെടും. ജില്ലയില്‍ മൂന്നാര്‍, കോട്ടയം ജില്ലയില്‍ അയ്മനം, കുമരകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്. നിലവില്‍ കുട്ടികളുടെ പാര്‍ക്ക്, അണക്കെട്ടിന്റെയും സമീപ പ്രദേശങ്ങളിലേയും കാഴ്ച്ചകള്‍ തുടങ്ങി ഏതാനും സൗകര്യങ്ങള്‍ മാത്രമാണ് മലങ്കരയില്‍ സജ്ജമാക്കിയിട്ടുള്ളത്. ശനി, ഞായര്‍ ഉള്‍പ്പടെയുള്ള അവധി ദിവസങ്ങളില്‍ നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. പുതിയ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മലങ്കര ടൂറിസം ഹബ്ബും സംസ്ഥാന ടൂറിസം ചരിത്രത്തില്‍ ഇടം നേടുമെന്നാണ് പ്രതീക്ഷ.

 

Related Articles

Back to top button
error: Content is protected !!