ChuttuvattomThodupuzha

ആര്‍പ്പമാറ്റത്ത് കനത്തമഴയില്‍ ഓടയടഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി

തൊടുപുഴ: ആര്‍പ്പമാറ്റത്ത് കനത്തമഴയില്‍ നിര്‍മാണത്തിലിരുന്ന റോഡിലെ കല്ലും മണ്ണും ഒഴുകിയെത്തി ഓടയടഞ്ഞ് നിരവധി വീടുകളില്‍ വെള്ളം കയറി. അശാസ്ത്രീയ നിര്‍മാണത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പുതിയ ഓട നിര്‍മിക്കാമെന്ന് ഉറപ്പ് നല്‍കി.ആര്‍പ്പാമറ്റം- കരിമണ്ണൂര്‍ റോഡില്‍ ബുധനാഴ്ച രാത്രിയിലാണ് വെള്ളം കയറിയത്. മേഖലയില്‍ വൈകിട്ട് മുതല്‍ ശക്തമായ മഴ ലഭിച്ചിരുന്നു. ഇതോടെ കൊതകുത്തി മേഖലയില്‍ നിന്നുള്ള വെള്ളം കുത്തിയൊഴുകി നിര്‍മാണത്തിലിരുന്ന റോഡില്‍ എത്തി കല്ലും മണ്ണും  താഴേക്ക് ഒഴുകി എത്തുകയായിരുന്നു. ഇതോടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പൊട്ടിപൊളിഞ്ഞ് ഓട അടഞ്ഞ് വെള്ളക്കെട്ട് രൂപപ്പെടുകയായിരുന്നു.

റോഡിന്റെ ഒരു വശം നേരത്തെ പൊക്കി നിര്‍മിച്ചതിനാല്‍ വെള്ളം ഒഴുകി പോകുവാന്‍ താമസവും നേരിട്ടു. ഇതോടെ വാഹനങ്ങള്‍ പോലും കടന്ന് പോകാത്ത തരത്തില്‍ രണ്ടടി വരെ വെള്ളമുയര്‍ന്നു.സ്ഥലത്തെ കലുങ്ക് നിര്‍മാണത്തിലും അശാസ്ത്രീയതയുണ്ടെന്നാണ് പരാതി. ഇന്നലെ ഉച്ചയോടെ ജെ.സി.ബി ഉപയോഗിച്ച് ഓടയിലടിഞ്ഞ കല്ലും മണ്ണും നീക്കി. ഭാരവാഹനങ്ങള്‍ നിരന്തരമോടുന്ന വഴി വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയാണ്. ജല്‍ജീവന്‍ മിഷന്റെയടക്കം പൈപ്പുകളും ഇതിലൂടെ കടന്ന് പോയിട്ടുണ്ട്. ആവശ്യമായ വലിപ്പത്തില്‍ ഇരുവശത്തും ഓട നിര്‍മിച്ച് റോഡ് നല്ല രീതിയില്‍ ടാര്‍ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 250 മീറ്ററോളം ദൂരമാണ് ഇവിടെയുള്ളത്.

Related Articles

Back to top button
error: Content is protected !!