Thodupuzha

മാസ്റ്റര്‍പ്ലാന്‍: ഗൂഢാലോചനയും  അഴിമതിയും അന്വേഷിക്കണമെന്ന് യു.ഡി.എഫ്

തൊടുപുഴ: തികച്ചും ജനദ്രോഹപരമായി തയാറാക്കിയിട്ടുള്ള തൊടുപുഴ നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ മികവുറ്റതാണെന്ന് വാഴ്ത്തി നടപ്പാക്കാനുള്ള മുനിസിപ്പല്‍ ചെയര്‍മാന്റെ നിലപാട് നഗരത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നഗരസഭയിലെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആരോപിച്ചു. എല്ലാ മെയിന്‍ റോഡുകളും ബൈപാസുകളും 24 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്നത് തികച്ചും അപ്രായോഗികമാണ്. തൊടുപുഴ നഗരത്തിലെ റോഡ് വികസനത്തിന്റെ പേരില്‍ ടൗണിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റേണ്ടി വരും. കൗണ്‍സില്‍ അംഗീകാരം ഇല്ലാതെയും കൗണ്‍സില്‍ നിര്‍ദ്ദേശം ഇല്ലാതെയും ഏതാനം പ്രമുഖ വ്യക്തികളുടെ നിലം ഉള്‍പ്പെടെ കൊമേഴ്‌സ്യല്‍ മിക്‌സഡ് സോണില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മറ്റ് ചില വ്യക്തികളുടെ അപ്രധാനമായ വസ്തുക്കള്‍ കൊമേഴ്‌സ്യല്‍ സോണ്‍ ആക്കി മാറ്റിയിരിക്കുകയാണ്. ടൗണിലെ മെയിന്‍ റോഡുകളുടെ ഇരുവശവും റെസിഡന്‍ഷ്യല്‍ സോണ്‍ ആയി നിലനിര്‍ത്തിയിരിക്കുമ്പോഴാണ് ഇപ്രകാരം ചെയ്തിട്ടുള്ളത്. മാസ്റ്റര്‍പ്ലാനിന് ധൃതിപിടിച്ച് അംഗീകാരം നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മാസ്റ്റര്‍പ്ലാന്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചത് നഗരസഭ കൗണ്‍സിലില്‍ വയ്ക്കാതെയും അംഗീകാരം നേടാതെയുമാണ്. ഗസറ്റില്‍ നല്‍കാന്‍ മുന്‍കൂര്‍ ഉത്തരവ് നല്‍കിയതിന് ശേഷമാണ് പ്രസിദ്ധപ്പെടുത്തിയ കാര്യം കൗണ്‍സിലിനെ അറിയിച്ചത്. ഇതിന്റെ പിന്നില്‍ വലിയ അഴിമതി നടന്നിട്ടുണ്ട്. ഇതും അന്വേഷണ വിധേയമാക്കണമെന്ന് കൗണ്‍സിലര്‍മാരായ അഡ്വ ജോസഫ് ജോണ്‍, കെ. ദീപക്, എം.എ കരീം എന്നിവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!