ChuttuvattomThodupuzha

പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ ഫണ്ട് അടിയന്തിരമായി അനുവദിക്കണം: കെപിഎസ്ടിഎ

കല്ലൂർക്കാട്: പൊതു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ ഫണ്ട് അടിയന്തിരമായി അനുവദിക്കണമെന്ന് കെപിഎസ്ടിഎ കല്ലൂർക്കാട് ഉപജില്ല യോഗം ആവശ്യപ്പെട്ടു.
 ഒരു കുട്ടിയ്ക്ക് അനുവദിച്ചിട്ടുള്ള 8 രൂപ നിരക്ക്  പാലും മുട്ടയും ഉൾപ്പടെ  ഉച്ചഭക്ഷണച്ചെലവിന് തികയുന്നില്ല എന്ന യാഥാർഥ്യം നിലനിൽക്കുമ്പോൾ മൂന്ന് മാസമായി ഫണ്ടും അനുവദിക്കാത്തത് അധ്യാപകരെ ദുരിതത്തിലാക്കുന്നതായി യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷമായി ക്ഷാമബത്ത അനുവദിക്കാത്ത സാഹചര്യത്തിലും പഠിപ്പിക്കുന്ന  കുട്ടികളുടെ അന്നം മുടങ്ങാതിരിക്കുവാൻ കടം മേടിച്ച് ഭക്ഷണം കൊടുക്കുന്ന അധ്യാപകർക്ക് വൻതുക ബാധ്യതയായിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഉച്ചഭക്ഷണ ഫണ്ട് വർദ്ധിപ്പിച്ച് ഉടൻ അനുവദിക്കുക,ഡിഎ കുടിശിക അനുവദിക്കുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുൻപിൽ ത്രിദിന സത്യാഗ്രഹ സമരം നടത്തുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു.  കെപിഎസ്ടിഎ സംസ്ഥാന കൗൺസിലർ സെലീന ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ഡോണി ജോർജ് അധ്യക്ഷത വഹിച്ചു.
കല്ലൂർക്കാട് എച്ച് എം ഫോറം സെക്രട്ടറി വിധു പി നായർ മുഖ്യപ്രഭാഷണം നടത്തി.കെപിഎസ്ടിഎ കല്ലൂർക്കാട് സബ്ജില്ലാ സെക്രട്ടറി തോംസൺ പി ജോസ്, വൈസ് പ്രസിഡൻ്റ് എം.എ  സാദിഖ്, കമ്മറ്റി അംഗങ്ങളായ സി.കെ ശ്രീക്കുട്ടൻ,മേഴ്സി എം ജോർജ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!