Local Livevaazhakkulam

കര്‍ഷകര്‍ക്ക് യൂറിയ വളം യഥേഷ്ടം ലഭിക്കുന്നതിന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി പി. പ്രസാദ്

വാഴക്കുളം : കർഷകർക്ക് യൂറിയ വളം യഥേഷ്ടം ലഭിക്കുന്നതിന് ആവശ്യമായ സർക്കാർ തല ഇടപെടലുകൾ നടത്തുമെന്ന് മന്ത്രി പി. പ്രസാദ്. വാഴക്കുളത്ത് ഓൾ കേരള പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിയ പൈനാപ്പിൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കാർഷിക മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാനും ഉത്പാദന ചെലവു കുറച്ച് കൂടുതൽ നാൾ പൈനാപ്പിൾ സൂക്ഷിച്ചു വയ്ക്കാനും സംവിധാനമൊരുക്കുന്നതു സംബന്ധിച്ച് പഠിക്കാൻ കാർഷിക സർവകലാശാലയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.

പോഷകസമൃദ്ധി മിഷൻ, ജൈവകൃഷി മിഷൻ തുടങ്ങിയവയും നടപ്പാക്കാൻ സർക്കാരിന് പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റെല്ലാ ഉത്പന്നങ്ങളുടേയും നിർമാതാക്കൾ അവയ്ക്ക് വിലയിടുമ്പോൾ കർഷകർക്ക് അത് സാധിക്കുന്നില്ല.കർഷകരുടെ അധ്വാനത്തിനനുസരിച്ച് ഉയർന്ന വില ലഭിക്കണമെന്ന അഭിപ്രായവും മന്ത്രി പങ്കുവച്ചു. മന്ത്രി റോഷി അഗസ്റ്റിൻ അവാർഡു ജേതാക്കളെ ആദരിച്ചു. കർഷകനിൽ നിന്നു വാങ്ങുന്ന ഉത്പന്നം ബിസിനസുകാർ ഇരട്ടിയിലേറെ വിലയ്ക്കു വിൽക്കുമ്പോൾ ആനുപാതികമായ വില കർഷകർക്കു ലഭിക്കാൻ പാകത്തിൽ വിപണി സംവിധാനം കാര്യക്ഷമമാക്കണമെന്ന് മന്ത്രി പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും ഉഷ്ണ തരംഗവും ഏറ്റവും പ്രതികൂലമായി ബാധിച്ചത് കർഷകരെയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.  മാത്യു കുഴൽനാടൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാധാകൃഷ്ണൻ, ജില്ല പഞ്ചായത്തംഗം ഉല്ലാസ് തോമസ്,ഷെല്‍മി ജോണ്‍സ്, ജാന്‍സി മാത്യു, വി.പി. സുധീഷ്, ടോമി തന്നിട്ടാമാക്കല്‍, ഫാ. തോമസ് മഞ്ഞക്കുന്നേല്‍, പി.എസ്.സുധാകരന്‍, സാന്റോസ് മാത്യു, എം.കെ. മധു, ഇ.കെ ഷാജി, ഡൊമിനിക് സ്കറിയ, കെ.വി ജോൺ,പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജെയിംസ് ജോര്‍ജ് തോട്ടുമാരിക്കല്‍, സെക്രട്ടറി എം.എ ലിയോ തുടങ്ങിയവർ പ്രസംഗിച്ചു.

മറ്റു സംസ്ഥാനങ്ങളിലേയ്ക്കുള്ള പൈനാപ്പിൾ വിപണനത്തിന് തുടക്കം കുറിച്ച ഫാ. ജോവാക്കിം പുഴക്കരയെ യോഗത്തിൽ ആദരിച്ചു. മികച്ച പൈനാപ്പിള്‍ കര്‍ഷകനുള്ള പൈനാപ്പിൾശ്രീ അവാര്‍ഡ് ജേതാവ് ഡൊമിനിക് ജോര്‍ജ് മലേക്കുടി,പൈനാപ്പിള്‍ സംസ്‌കരണ മേഖലയിലെ മികച്ച സംരംഭകൻ ജോര്‍ജ് വര്‍ഗീസ് മുണ്ടയ്ക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി. പൈനാപ്പില്‍ പാചക മത്സരം, പൈനാപ്പിള്‍ വിളമത്സരം, കര്‍ഷക സെമിനാര്‍ എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തി.മണ്ണാണ് ജീവന്‍ മണ്ണിലാണ് ജീവന്‍ എന്ന വിഷയത്തില്‍ നടത്തിയ സെമിനാറിന് കൃഷി വകുപ്പ് റിട്ട. ഫാം സൂപ്രണ്ട് ബിജുമോന്‍ സഖറിയ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!