ChuttuvattomThodupuzha

ഇന്ത്യ എ വനിത ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ മിന്നുമണി; തൊടുപുഴയ്ക്കും ഇത് അഭിമാന നിമിഷം

തൊടുപുഴ: ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിലെ മലയാളി താരം മിന്നുമണിക്ക് നേട്ടത്തിന്റെ തിളക്കം. ഇന്ത്യ എ വനിത ക്രിക്കറ്റ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ തൊടുപുഴയ്ക്കും അഭിമാന നിമിഷം. മിന്നുമണിയുടെ ക്രിക്കറ്റ് നേട്ടങ്ങള്‍ക്കു പിന്നില്‍ ഇടുക്കിയുടെ കൈയൊപ്പും പതിഞ്ഞിട്ടുണ്ട്. വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിനിയായ മിന്നുമണി 2012-14 കാലഘട്ടത്തില്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ത്ഥിയായിരുന്നു. സ്‌കൂളിനോടനുബന്ധിച്ചുണ്ടായിരുന്ന ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനമാണ് താരത്തിന്റെ ക്രിക്കറ്റ് മോഹങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നത്. മാനന്തവാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് മിന്നുമണി എട്ടാം ക്ലാസ് വരെ പഠിച്ചത്. അവിടെ കായികാധ്യാപികയായ എല്‍സമ്മ ബേബിയാണ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരണാഘടകം. തുടര്‍ന്ന് മികച്ച പരിശീലനത്തിലൂടെ വയനാട് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയില്‍ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജൂണിയര്‍ പെണ്‍കുട്ടികളുടെ ക്യാമ്പിലേയ്ക്കും സെലക്ഷന്‍ ലഭിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള അക്കാദമി അന്ന് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് രണ്ടു വര്‍ഷത്തോളം പരിശീലനം തുടര്‍ന്നു. അന്ന് സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ജെയിംസ് ടി. മാളിയേക്കലും ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി ഒപ്പം തന്നെ ഉണ്ടായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള കുട്ടികള്‍ അന്ന് സെന്റ് സെബാസ്റ്റ്യന്‍സ്സ്‌കൂളിനോടനുബന്ധിച്ചുള്ള ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നേടിയിരുന്നു കൂടാതെ ജില്ലാ ക്രിക്കറ്റ് അസോസിയേഷനായിരുന്നു ഇവര്‍ക്കുള്ള താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നത്. രഞ്ജി ട്രോഫി താരങ്ങളും മറ്റുമായിരുന്നു കുട്ടികള്‍ക്ക് പരിശീലനം നല്‍കിയിരുന്നതില്‍ പ്രധാനപ്പെട്ടവര്‍. പരിശീലനത്തിനു ശേഷം മിന്നുമണി ഇവിടെനിന്ന് വയനാട്ടിലേക്ക് മടങ്ങി. പിന്നീട് തൊടുപുഴയിലെ ക്രിക്കറ്റ് അക്കാദമിയുടെ പ്രവര്‍ത്തനവും നിലച്ചു. മിന്നുമണി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ മിന്നും താരമായി മാറുന്നത് തൊടുപുഴയ്ക്കും സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിനും അഭിമാനമാനമാണെന്ന് ജെയിംസ് ടി. മാളിയേക്കല്‍ പറഞ്ഞു. പ്രഫഷണലായി ക്രിക്കറ്റ് കളിച്ചു തുടങ്ങിയത് തൊടുപുഴയില്‍ പരിശീലനത്തിന് എത്തിയതു മുതലാണെന്ന് മിന്നുമണി പറഞ്ഞു. ജിനി, സോണിയ മോള്‍, നൗഫല്‍ എന്നിവരായിരുന്നു തൊടുപുഴയിലെ മിന്നുമണിയുടെ പരിശീലകര്‍. പരിശീലനത്തിനു പുറമേ പത്താം ക്ലാസ് പരീക്ഷാ തയാറെടുപ്പുകള്‍ക്കും ഇവരുടെ പിന്തുണ മറക്കാനാകില്ലെന്നും ഇടുക്കിയെക്കുറിച്ച് നിറമുള്ള ഓര്‍മകളാണുള്ളതെന്നും മിന്നുമണി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!