IdukkiLocal LiveThodupuzha

പ്രഭാത സവാരിക്കിടെ മുഖത്ത് മുളക് പൊടി വിതറി ആക്രമിച്ച സംഭവത്തില്‍ പ്രതികള്‍ പോലീസിന്റെ പിടിയില്‍

തൊടുപുഴ: പ്രഭാത സവാരിക്കിറങ്ങിയ ഇഞ്ചിയാനി സ്വദേശി പുറക്കാട്ട് ഓമനക്കുട്ടനെ കണ്ണില്‍ മുളക്‌പൊടി വിതറിയ ശേഷം ക്രൂരമായി ആക്രമിച്ച കേസില്‍ 2 പേര്‍ അറസ്റ്റില്‍. കൊട്ടേഷന്‍ ഏറ്റെടുത്ത എറണാകുളം ചേരാനെല്ലൂര്‍ സ്വദേശി സന്ദീപും, ഇയാളുടെ കൂട്ടാളിയുമാണ് പോലീസിന്റെ പിടിയിലായത്. ചേരാനെല്ലൂര്‍ പോലീസിന്റെ സഹകരണത്തോടെയാണ് തൊടുപുഴ പോലീസ് പ്രതികളെ പിടികൂടിയത്. ഇതില്‍ കൊട്ടേഷന്‍ ഏറ്റെടുത്ത സന്ദീപ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനത്തില്‍ നിന്നും കണ്ണില്‍ വിതറാന്‍ ഉപയോഗിച്ച മുളക്‌പൊടിയുടെ ബാക്കിഭാഗവും പോലീസ് കണ്ടെടുത്തു.നാളുകളായി നിലനിന്നിരുന്ന വ്യക്തി വിരോധം മൂലം അയല്‍വാസിയായ സ്ത്രീയും, ഇവരുടെ മകളും ചേര്‍ന്ന് 30000 രൂപയ്ക്കാണ് ഓമനക്കുട്ടനെതിരെ കൊട്ടേഷന്‍ നല്‍കിയതെന്ന് തൊടുപുഴ ഡിവൈഎസ്പി എംആര്‍ മധുബാബു അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പതിവ് പോലെ പ്രഭാത സവാരിക്കിറങ്ങിയ ഓമനക്കുട്ടന്റെ അരുകില്‍ ഇരുചക്ര വാഹനയാത്രികരെന്ന വ്യാജേന എത്തിയ പ്രതികള്‍ പേര് ചോദിച്ചറിഞ്ഞ് ആളെ ഉറപ്പിച്ച ശേഷം, കണ്ണില്‍ മുളക്‌പൊടി വിതറി ആക്രമിക്കുകയായിരുന്നു.ആക്രമണത്തിന് ഇരയായ ഓമനക്കുട്ടന്റെ മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുത്തിരുന്നു. ആക്രമണത്തിന് ശേഷം പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദ്യശ്യങ്ങള്‍ പോലീസ് അന്വേഷണ വിധേയമായി കണ്ടെടുത്തിരുന്നു. ആക്രമണത്തിന്റെ സൂത്രധാരകരായി പോലീസ് കണ്ടെത്തിയ അയല്‍വാസിയായ മില്‍ക്കയും, ഇവരുടെ മകള്‍ അനീറ്റയും ഒളിവിലാണ്. 2 ദിവസം മുന്‍പ് അനീറ്റയുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്ത് പരിശോധിച്ചതില്‍ നിന്നുമാണ് കേസിന്റെ അന്വേഷണം കൊട്ടേഷന്‍ സംഘത്തിലേക്ക് എത്തിയത്.ഇരുവരെയും വൈകാതെ പിടികൂടുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.അറസ്റ്റ് ചെയ്ത പ്രതികളെ പോലീസ് ഇഞ്ചിയാനിയില്‍ എത്തിച്ച് തെളിവെടുത്തു.

 

Related Articles

Back to top button
error: Content is protected !!