Thodupuzha

മുക്കുപണ്ടം പണയം വച്ച് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും സമാന കേസില്‍ പിടിയിൽ

തൊടുപുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ വീണ്ടും സമാന കേസില്‍ പിടിയിലായി. ഇടവെട്ടി കോയിക്കല്‍ റെജിമോനാണ് (46) തൊടുപുഴ പോലീസിന്റെ പിടിയിലായത്. മങ്ങാട്ടുകവലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് മുക്കുപണ്ടം പണയം വച്ച് 4,71,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. തൊടുപുഴയിലെ പ്രമുഖ ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ പലതവണകളായി വളയും ബ്രേസ്ലെറ്റുമടക്കമുള്ള ആഭരണങ്ങള്‍ പണയം വച്ച് 7,69,000 രൂപ തട്ടിയെടുത്ത കേസില്‍ ഇയാളെ ഈ മാസം അഞ്ചിന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പലിശയടക്കുകയോ ആഭരണങ്ങള്‍ തിരികെയെടുക്കുകയോ ചെയ്യാത്തതിനെ തുടര്‍ന്ന് സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ഇവര്‍ തൊടുപുഴ പോലീസില്‍ പരാതി നല്‍കുകയും പ്രതി പിടിയിലാകുകയുമായിരുന്നു. ഇയാള്‍ അറസ്റ്റിലായ വാര്‍ത്തയും ചിത്രവും കണ്ട മങ്ങാട്ടുകവലയിലെ ധനകാര്യ സ്ഥാപന ഉടമകള്‍ 2020 ഓഗസ്റ്റ് മുതല്‍ 2021 മാര്‍ച്ച് വരെ അഞ്ചു തവണയായി ഇയാള്‍ പണയം വച്ചിരുന്ന ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. ഇതോടെ പോലീസില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു. തൊടുപുഴ നഗരത്തില്‍ നിന്നും എസ്.ഐ ജി.അജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!