ChuttuvattomThodupuzha

മുല്ലപ്പെരിയാര്‍: ദേശീയ സെമിനാര്‍ നാളെ

തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ദേശീയ സെമിനാര്‍ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് തൊടുപുഴ മര്‍ച്ചന്റ്‌സ് ട്രസ്റ്റ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സെമിനാറില്‍ എഎപി ദേശീയ ജോയിന്റ് സെക്രട്ടറി പി.സി. സിറിയക്, സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ. റസല്‍ ജോയി, എഎപി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വില്‍സണ്‍, അഡ്വ.സി.കെ. വിദ്യാസാഗര്‍ എന്നിവര്‍ പ്രസംഗിക്കും. 1964-ല്‍ കേന്ദ്രജല കമ്മീഷന്‍ ഡാം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. നിലവില്‍ 129 വര്‍ഷം പഴക്കമുള്ള ഡാമിന്റെ അപകടാവസ്ഥ പരിഗണിച്ച് പുതിയ ഡാം നിര്‍മിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി സര്‍വേ നടത്തി കണ്ടെത്തിയ സ്ഥലം അണക്കെട്ടില്‍ നിന്നും അരകിലോമീറ്റര്‍ അകലെയാണ്. ഇവിടെ ഡാം നിര്‍മിക്കാന്‍ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. തമിഴ്‌നാടിന് ജലവും കേരളത്തിനു സുരക്ഷയും മുന്‍നിര്‍ത്തിയുള്ള ശാശ്വതമായ പരിഹാരമാണ് ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടത്. 999 വര്‍ഷത്തെ മുല്ലപ്പെരിയാര്‍ കരാറിന് നിയമസാധുതയില്ല. 1947-ല്‍ ആദ്യകരാര്‍ റദ്ദുചെയ്യപ്പെട്ടിരുന്നു. അതിനാല്‍ 1970-ലെ അനുബന്ധകരാറിനും നിയമസാധുതയില്ല. 1976 മുതല്‍ തമിഴ്‌നാട് ഡാം ബലപ്പെടുത്തുന്നതിനു സ്വീകരിച്ചിട്ടുള്ള നടപടികളും അതിനായി നീക്കിവച്ച പണവും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഡാമില്‍ എല്ലാവര്‍ഷവും അന്താരാഷ്ട്ര വിദഗ്ധ സമിതി പരിശോധന നടത്തി ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു നടപടി സ്വീകരിക്കണം. ഡാമിന്റെ സുരക്ഷ കേരളത്തിലെ ജനങ്ങളുടെ ജീവനേയും സ്വത്തിനെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണെന്നും ഇക്കാര്യം പൊതുസമൂഹത്തില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരികയാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നതെന്നും സംഘാടകര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!