ChuttuvattomThodupuzha

മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് സാമൂഹ്യവിരുദ്ധ കേന്ദ്രം

തൊടുപുഴ: മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നാളുകളായി സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ പിടിയില്‍. ഒരു സംഘം ബ്ലേഡ് പിരിവുകാരും അക്രമി സംഘങ്ങളുമാണ് ബസ് സ്റ്റാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത്. എതിര്‍ക്കുന്നവരെ ആക്രമിക്കുകയെന്നതാണ് ഇവരുടെ പതിവു രീതി. ചില സ്വകാര്യ ബസ് ഉടമകളുടെ പിന്‍ബലത്തോടെയാണ് പല ഗുണ്ടാ സംഘങ്ങളും സ്റ്റാന്‍ഡില്‍ തന്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്റ്റാന്‍ഡിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ ഡ്രൈവര്‍ മരിച്ചതിനെത്തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ബസ് സമയത്തെ ചൊല്ലിയും ബ്ലേഡ് പിരിവ് കൃത്യമായി കൊടുക്കാത്തതിന്റെ പേരിലും ബസ് സ്റ്റാന്‍ഡില്‍ പരസ്യമായ അസഭ്യവര്‍ഷവും സംഘര്‍ഷവും ഉണ്ടാക്കുമെങ്കിലും പോലീസ് കാഴ്ചക്കാരായി മാറുകയാണ്. തൊഴിലാളികള്‍ തമ്മിലുള്ള പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടാണ് പോലീസ് പലപ്പോഴും സ്വീകരിക്കുന്നത്. സമയത്തിന്റെ പേരിലാണ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം പതിവാകുന്നത്. കഴിഞ്ഞ ദിവസം മരിച്ച സക്കീറിനെ ആക്രമിച്ച സംഭവത്തിലും സെക്കന്‍ഡുകളുടെ സമയ വ്യത്യാസത്തിന്റെ പേരിലായിരുന്നു സംഘര്‍ഷം നടത്തിയത്. സ്റ്റാന്‍ഡില്‍ സുരക്ഷയ്ക്കായി രണ്ട് പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്കായി പ്രത്യേകം പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാക്കിയിട്ടുണ്ട്.

എന്നാല്‍ ഇവരുടെ സേവനം സ്റ്റാന്‍ഡില്‍ കാര്യമായി ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് ബസ് സര്‍വീസിന്റെ പേരില്‍ ചിലര്‍ക്ക് ബ്ലേഡ് പിരിവാണ് മുഖ്യ തൊഴില്‍. കൂടാതെ ബ്രോക്കറായി രംഗപ്രവേശം ചെയ്യുന്നവരുമുണ്ട്. ചെറുകിട ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും ചെറിയ തുക ദിവസ പലിശക്ക് വായ്പ കൊടുത്ത് തിരിച്ചു പിടിക്കുന്നതാണ് ഇവരുടെ രീതി. കൃത്യമായി തുക കൊടുക്കാതെ വന്നാല്‍ പിന്നെ ഭീഷണിയും അസഭ്യവര്‍ഷവും നടത്തും. വേണ്ടിവന്നാല്‍ കൈയേറ്റവും നടത്തും. ഇതിന്റെ പേരില്‍ എന്തെങ്കിലും അതിക്രമം നടത്തിയാല്‍ പോലീസ് പിടികൂടിയാലും ഇവര്‍ രാഷ്ട്രീയ പിന്‍ബലത്തോടെ പുറത്തിറങ്ങും.

Related Articles

Back to top button
error: Content is protected !!