ChuttuvattomThodupuzha

കൈക്കൂലി കേസില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് വിജിലന്‍സിന് മുന്നില്‍ ഹാജരായി

തൊടുപുഴ: സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടഫിക്കറ്റ് നല്‍കാന്‍ ഒരുലക്ഷം രൂപ തൊടുപുഴ നഗരസഭ അസി. എന്‍ജിനിയര്‍ കൈക്കൂലി വാങ്ങിയ കേസിലെ രണ്ടാംപ്രതി ചെയര്‍മാന്‍ സനീഷ് ജോര്‍ജ് വിജിലന്‍സിന് മുന്നില്‍ ഹാജരായി. മുട്ടം ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഓഫീസിലെത്തിയ ചെയര്‍മാനെ അന്വേഷകസംഘം നാലുമണിക്കൂര്‍ ചോദ്യംചെയ്തു. കഴിഞ്ഞ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നു. അന്ന് എത്താതിരുന്ന ചെയര്‍മാന്‍ ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ഒരാഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. ഇത് ബുധനാഴ്ച അവസാനിക്കും. ചെയര്‍മാനെ വിശദമായി ചോദ്യംചെയ്‌തെന്ന് വിജിലന്‍സ് ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു.

പലപ്രാവിശ്യം നഗരസഭയില്‍ കയറിയിറങ്ങിയിട്ടും സ്‌കൂളിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നതോടെ അസി. എന്‍ജിനിയര്‍ക്ക് പണം നല്‍കേണ്ടി വരുമെന്ന് പറഞ്ഞെന്ന മൊഴിയില്‍ ചെയര്‍മാന്‍ ഉറച്ചുനിന്നു. എഇയെ പലവട്ടം താക്കീത് ചെയ്തിട്ടുണ്ട്. എന്നാല്‍ കൗണ്‍സിലര്‍മാരോ മറ്റാരുമോ രേഖാമൂലം പരാതിപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്താതിരുന്നത്. ചെയര്‍മാന്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. ചെയര്‍മാന്റെ രണ്ട് ഫോണുകള്‍ വിജിലന്‍സ് പരിശോധിച്ചു. ഫോണിലൂടെ നടത്തിയ പണമിടപാടുകളുടെ വിവരങ്ങള്‍ ശേഖരിച്ചു. ചെയര്‍മാന്റെ രണ്ട് ബാങ്ക് അക്കൗണ്ട് നമ്പരുകളും ലഭിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളിലൂടെ നടത്തിയ പണമിടപാടുകളും പരിശോധിക്കും. അസി. എന്‍ജിനിയറുമായി ചെയര്‍മാന്‍ പണമിടപാട് നടത്തിയിട്ടുണ്ടോയെന്നും പരിശോധിക്കും. അതിന് ശേഷം വീണ്ടും ചെയര്‍മാനെ വിളിപ്പിക്കും. വിജിലന്‍സ് പറഞ്ഞു.

17,000 രൂപയാണ് ഓണറേറിയമായി ചെയര്‍മാന് ലഭിക്കുന്നത്. അതില്‍ കൂടുതല്‍ പണം ചെയര്‍മാന്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതായാണ് വിജിലന്‍സ് നല്‍കുന്ന സൂചന. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് പണം നല്‍കണമെന്ന ചെയര്‍മാന്റെയും, ഇടപാടില്‍ ചെയര്‍മാനും പങ്കാളിയാണെന്ന അസി.എന്‍ജിനീയറുടെയും ശബ്ദരേഖകള്‍ വിജിലന്‍സിന്റെ പക്കലുണ്ട്. താന്‍ അന്വേഷണത്തോട് സഹകരിക്കുകയാണെന്നും വിളിപ്പിച്ചാല്‍ ഇനിയും ഹാജരാകുമെന്നും ചെയര്‍മാന്‍ പറഞ്ഞു. 13-ന് ശേഷം ചുമതലയില്‍ തിരികെ പ്രവേശിക്കാമെന്നാണ് കരുതുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു. ചെയര്‍മാന് ചാരിറ്റി പ്രവര്‍ത്തനങ്ങളും ഉള്ളതിനാല്‍ അക്കൗണ്ടില്‍ വരുന്ന പണം കൈക്കൂലിയാണെന്ന് കരുതാനാവില്ല. മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഇടനിലക്കാരനായി നിന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന സൂചനയും വിജിലന്‍സ് നല്‍കി.

 

Related Articles

Back to top button
error: Content is protected !!