ChuttuvattomMuttom

മുട്ടം റൈഫിള്‍ ക്ലബ് തോക്ക് കൈമാറ്റം വിവാദത്തില്‍

തൊടുപുഴ: മുട്ടം റൈഫിള്‍ ക്ലബിന്റെ തോക്കുകള്‍ മറിച്ചുവിറ്റതായി പുതിയ റൈഫിള്‍ ക്ലബ് ഭരണസമിതിയുടെ ആക്ഷേപം.  മുന്‍ ഭരണസമിതിയുടെ കാലത്ത് നാലു തോക്കുകള്‍ മറിച്ചു വിറ്റതായാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. മൂന്നു ലക്ഷം, 1.80 ലക്ഷം, 1.60 ലക്ഷം രൂപ വിലയുള്ള നാലു തോക്കുകളാണ് അനധികൃതമായി മറിച്ചു വിറ്റതായി ഭരണസമിതി അംഗങ്ങള്‍ ആരോപിക്കുന്നത്. സബ്‌സിഡി നിരക്കില്‍ റൈഫിള്‍ ക്ലബ്ബിനു പരിശീലനത്തിനായും മറ്റും ലഭിക്കുന്ന തോക്കിന് പൊതുവിപണിയില്‍ 10 ലക്ഷം രൂപ വില വരുമെന്നാണ് ഭാരവാഹികള്‍ പറയുന്നു. കൂടാതെ നാലു തോക്കുകളുടെ മാഗസിനുകളും ഷെല്ലുകളും കാണാനില്ലെന്നും ഇവര്‍ ആരോപിക്കുന്നു. പുതിയ റൈഫിള്‍ ക്ലബ് ഭാരവാഹികള്‍ അധികാരത്തിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് വിവരം കണ്ടെത്തിയത്. വി.എസ്. ജയിംസിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയെ തെരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തിയാണ് പുതിയ പ്രസിഡന്റ് പ്രിന്‍സ് മാത്യുവിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികള്‍ ക്ലബ്ബില്‍ അധികാരത്തിലെത്തിയത്. ഏപ്രില്‍ 19ന് തെരഞ്ഞെടുപ്പിലൂടെ പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അധികാരകൈമാറ്റം പല കാരണങ്ങളാല്‍ വൈകിപ്പിച്ചതായും ഭരണസമിതി പറയുന്നു. റൈഫിള്‍ ക്ലബ്ബിലെ തോക്കുകള്‍ പൊതുയോഗ തീരുമാനം അനുസരിച്ച് ലേലം ചെയ്തു വില്‍ക്കുന്നതിനു മാത്രമാണ് നിയമാവലിയില്‍ അനുമതിയുള്ളത്. എന്നാല്‍, ഇതെല്ലാം മറികടന്ന് ദുരൂഹ നടപടികളിലൂടെയാണ് തോക്കുകള്‍ കൈമാറിയതെന്നാണ് ഭരണസമിതി അംഗങ്ങള്‍ ആരോപിക്കുന്നത്. അഴിമതി സംബന്ധിച്ച് വിജിലന്‍സ് കോടതിയില്‍ കേസ് നടന്നുവരികയാണ്. റൈഫിള്‍ ക്ലബ് വിജിലന്‍സിന്റെ പരിധിയില്‍ വരില്ലെന്നാണ് മുന്‍ ഭരണസമിതിയുടെ വ്യാഖ്യാനം.

Related Articles

Back to top button
error: Content is protected !!