Thodupuzha

മുട്ടം സിഎച്ച്‌സിക്ക് പുതിയ കെട്ടിട സമുപച്ചയം ഒരുങ്ങുന്നു

തൊടുപുഴ: മുട്ടം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിട സമുച്ചയം ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രധാന മന്ത്രി ജന്‍ വികാസ് കാര്യക്രം (പി എം ജെ വി കെ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. സി എച്ച്‌ സിയോട് അനുബന്ധിച്ചുള്ള ക്വാര്‍ട്ടേഴ്സ് പ്രവര്‍ത്തിക്കുന്ന സ്ഥലത്താണ് പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നത്. നിലവിലുള്ള പഴകി ദ്രവിച്ച പതിറ്റാണ്ടുകള്‍ പഴക്കമുള്ള ക്വാട്ടേഴ്സ് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും പൊളിച്ച്‌ നീക്കും.ഒന്നാം ഘട്ടത്തില്‍ റൂഫിങ്ങോടെ രണ്ട് നിലകളും രണ്ടാം ഘട്ടത്തില്‍ മൂന്ന് നിലകള്‍ ഉള്‍പ്പെടെ അഞ്ച് നിലകളുള്ള കെട്ടിട സമുച്ചയമാണ് ലക്ഷ്യമിടുന്നത്.ആദ്യ ഘട്ടത്തിലെ നിര്‍മ്മാണത്തിന് ആവശ്യമായ 9 കോടി 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തൊടുപുഴ ബ്ലോക്ക് – ജില്ലാ സമിതികളുടെ ശുപാര്‍ശയോടെ സംസ്ഥാന സമിതിയുടേയും സര്‍ക്കാരിന്റേയും അനുമതിക്കായി സമര്‍പ്പിക്കും. അതിന് ശേഷമാകും കേന്ദ്ര അനുമതിക്ക് സമര്‍പ്പിക്കുന്നത്. പൊതുമരാമത്ത് കെട്ടിട നിര്‍മ്മാണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. മുട്ടം സി എച്ച്‌ സിക്ക് ആകെ 2 ഏക്കര്‍ 34 സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ട്. ഇതില്‍ ക്വാട്ടേഴ്സ് പ്രവര്‍ത്തിക്കുന്ന 82 സെന്റ് സ്ഥലത്താണ് പുതിയ സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. ക്വാട്ടേഴ്സ് പൂര്‍ണ്ണമായും പൊളിച്ച്‌ നീക്കി പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് 6 കൊടിയോളം രൂപയുടെ പദ്ധതി ആരോഗ്യ വകുപ്പ് ആവിഷ്ക്കരിച്ചെങ്കിലും കോവിഡ് വ്യാപനത്തിന്റെ അതിരൂക്ഷതയില്‍ തുടര്‍ നടപടികള്‍ സ്തംഭിച്ചു. നാബാര്‍ഡിന്റെ സാമ്പത്തിക സഹായത്താലാണ് മുന്‍പ് പദ്ധതി ആവിഷ്ക്കരിച്ചത്.

അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുടെ സി എച്ച്‌ സി യുടെ ഭാഗമായിട്ടുള്ള ഒ പി /ഐ പി വിഭാഗങ്ങള്‍, കാഷ്വാലിറ്റി, ലാബ്, ഫാര്‍മസി, ഇമ്മ്യുണൈസേഷന്‍, ചികിത്സക്ക് എത്തുന്നവര്‍ക്ക് വിശ്രമ മുറി, ഇരിപ്പിടം, വിശാലമായ വാഹന പാര്‍ക്കിംഗ്, സെമിനാര്‍ ഹാള്‍, ഹെല്‍ത്ത് ക്ലബ്ബ്, ജിം സെന്റര്‍, യോഗ സെന്റര്‍ എന്നിങ്ങനെ സൗകര്യങ്ങള്‍ സജ്ജമാക്കും. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നിങ്ങനെ മൂന്ന് മേഖലകളാണ് പ്രധാനമായും പി എം ജെ വി കെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് മാത്രമാണ് പദ്ധതി പ്രകാരം ഫണ്ട് അനുവദിക്കുന്നത്. നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം,നിലവിലുള്ള കെട്ടിടങ്ങളിലേക്ക് പുതിയ കെട്ടിടങ്ങള്‍ കൂട്ടി ചേര്‍ക്കല്‍, ഓഫീസ്, ക്വാര്‍ട്ടേഴ്സ് എന്നിവക്കൊന്നും പി എം ജെ വി കെയുടെ ഫണ്ട് ഉപയോഗിക്കാന്‍ കഴിയില്ല.

Related Articles

Back to top button
error: Content is protected !!