ആശങ്കയോടെ വാക്സിനേഷന്‍ എടുക്കാനെത്തുന്നവര്‍ക്ക് ആശ്വാസമാവുകയാണ് പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉഷാകുമാരി


മൂവാറ്റുപുഴ : കോവിഡ് വ്യാപന കാലഘട്ടത്തില്‍ ആശങ്കയോടെ വാക്സിനേഷന്‍ എടുക്കാനെത്തുന്നവര്‍ക്ക് ആശ്വാസമാവുകയാണ് പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉഷാകുമാരി. ഒരിക്കല്‍ ഇവിടെ വാക്സിനേഷന്‍ എടുക്കാനെത്തിയവരാരും ഉഷാകുമാരിയെ മറക്കില്ലെന്ന് തീര്‍ച്ച. തസ്തികയില്‍ ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടറാണെങ്കിലും വാക്സിനേഷന്‍ എടുക്കാനെത്തുന്നവര്‍ക്ക് ഇവര്‍ ഒരു ടീച്ചറും, നേഴ്സും, കൗണ്‍സിലറും കൂടിയാണ്. സ്നേഹവും കരുതലുംകൊണ്ട് വാക്സിനേഷന്‍ എടുക്കാനെത്തുന്നവരുടെ മനസിലിടംനേടിയിരിക്കുകയാണ് ഉഷ. വാക്സിനേഷനായി പണ്ടപ്പിള്ളി സിഎച്ച്സിയില്‍ എത്തുന്നവരെ സ്വീകരിച്ചശേഷം കാത്തിരിപ്പിന്‍റെ മുഷിപ്പില്ലാതെ രസകരമായ രീതിയില്‍ കോവിഡ് രോഗം, വാക്സിനേഷന്‍, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവയെ കുറിച്ചെല്ലാം പറഞ്ഞു മനസിലാക്കും. കൂടാതെ കോവിഡ് വ്യാപന രീതികള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, പകര്‍ച്ച വ്യാധി രോഗങ്ങള്‍, ഇവയുടെ പ്രതിരോധ മാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം ആംഗ്യങ്ങളിലൂടെയും പാട്ടുകളിലൂടെയും മറ്റുമാണ് അവതരിപ്പിക്കുന്നത്. ഇതോടൊപ്പം വാക്സിനേഷന് ശേഷമുള്ള നിരീക്ഷണ സമയത്തുള്ള ബോധവല്‍ക്കരണ ക്ലാസിന് ഉഷാ നേതൃത്വം നല്‍കുന്നുണ്ട്. രാവിലെ ഏഴോടെ പണ്ടപ്പിള്ളി സിഎച്ച്സിയില്‍ എത്തുന്ന ഉഷാകുമാരി രാത്രി ഏഴിനാണ് മടങ്ങുക. പണ്ടപ്പിള്ളി സിഎച്ച്സിയിലെ സന്ദര്‍ശക ഡയറി പരിശോധിച്ചാല്‍ ഉഷാകുമാരിയുടെ കരുതല്‍ കുറിക്കാത്തവരായി ആരുമുണ്ടാകില്ല.
