മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോവിഡ് ബ്രിഗേഡിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു


മൂവാറ്റുപുഴ : മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കോവിഡ് ബ്രിഗേഡിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു. ബ്രിഗേഡ് ടീമിന്‍റെ പ്രവര്‍ത്തനം നിര്‍ധനരായ നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായിരുന്നു. എംഎല്‍എയായതിന് ശേഷം മാത്യു കുഴല്‍നാടന്‍റെ ആദ്യ ചുവടുവെയ്പ്പ് എന്ന നിലയില്‍ കൂടി ശ്രദ്ധേയമായിരുന്നു കോവിഡ് ബ്രിഗേഡ് ടീം. ആയിരത്തിലേറെ യുവാക്കളാണ് സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറായി മുന്നോട്ട് വന്നത്. വാര്‍ റൂം അടക്കം പ്രവര്‍ത്തനമാരംഭിച്ചിരുന്നു. സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് ബന്ധപ്പെടുന്നതിനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനവും ആരംഭിച്ചിരുന്നു. മണ്ഡലത്തിലെ 4000 ല്‍ അധികം കോവിഡ് രോഗികളെ നേരില്‍ കണ്ട് ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുകയും 3000ത്തില്‍ ഏറെ ആളുകള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കാനും ബ്രിഗേഡ് ടീമിന് കഴിഞ്ഞു. ഇതിനു പുറമെ ആയിരകണക്കിന് വ്യക്തികള്‍ക്ക് മരുന്ന് എത്തിച്ചു നല്‍കി. ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സല്‍റ്റേഷനും, രോഗികള്‍ക്കുള്ള വാഹനം/ആംബുലന്‍സ് സേവനവും, ഹോം സാനിറ്റൈസേഷനും, ഹോസ്പിറ്റല്‍ ബില്‍ റിഡക്ഷനും അടക്കമുള്ള മറ്റു സഹായങ്ങള്‍ ലഭിച്ചത് ഇരുനൂറില്‍ അധികം ആളുകള്‍ക്കാണ്. 232 കോവിഡ് രോഗികള്‍ ഒന്നിച്ചുള്ള ക്യാമ്പില്‍ അഞ്ച് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററും, നിരവധി ഓക്സി മീറ്ററുകളും, നൂറുകണക്കിന് പിപിഇ കിറ്റുകളും, ഗ്ലൗസ്, സാനിറ്റൈസര്‍ തുടങ്ങിയ ഉപകരണങ്ങളും നല്‍കി. സന്നദ്ധ പ്രവര്‍ത്തകരുടെയും യുവജന സംഘടനകളുടെയും പ്രവര്‍ത്തനം കൊണ്ടാണ് ഇതെല്ലാം സാധ്യമായതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു.
