Muvattupuzha

കോടികള്‍ മുടക്കി നിര്‍മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് തുറന്നുകൊടുക്കാത്തത്തിൽ പ്രതിഷേധം.

മൂവാറ്റുപുഴ : നഗരത്തില്‍ മത്സ്യവില്‍പ്പന കേന്ദ്രങ്ങള്‍ പെരുകുമ്പോഴും കോടികള്‍ മുടക്കി നിര്‍മിച്ച ആധുനിക മത്സ്യ മാര്‍ക്കറ്റ് തുറന്നു കൊടുക്കാതെ നഗരസഭ. മത്സ്യ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നതിന്‍റെ സമീപത്തടക്കം നിരവധി മത്സ്യ വില്‍പ്പന ശാലകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോടികള്‍ മുടക്കി നിര്‍മിച്ച മാര്‍ക്കറ്റ് അടച്ചിട്ടിരിക്കുന്നത് മൂലം വാടക ഇനത്തില്‍ ലക്ഷങ്ങളാണ് നഗരസഭക്ക് നഷ്ടമായികൊണ്ടിരിക്കുന്നത്. നിലവില്‍ സ്റ്റേഡിയത്തിനു സമീപത്തുനിന്നും, മാര്‍ക്കറ്റിലേക്കുള്ള റോഡിനു പുറമെ വണ്ടി പേട്ടയില്‍ നിന്നും എവറസ്റ്റ് കവലയില്‍ നിന്നു കൂടി വഴികള്‍ തുറന്നാല്‍ മാര്‍ക്കറ്റ് കൂടുതല്‍ ശ്രദ്ധാകേന്ദ്രമാകും. മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ വാടകക്ക് എടുക്കാന്‍ ആവശ്യക്കാര്‍ ഏറെയുണ്ടെങ്കിലും തുറന്നു കൊടുക്കാന്‍ തയ്യാറാകാത്തതിന്‍റെ കാരണം അജ്ഞാതമാണ്. രണ്ടു കോടിയോളം ചിലവഴിച്ച് ഏഴ് വര്‍ഷം മുമ്പ് നഗരസഭ നിര്‍മിച്ച മാര്‍ക്കറ്റ് ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം ഒരേക്കറോളം വരുന്ന സ്ഥലത്താണ് സംസ്ഥാന തീരദേശ കോര്‍പ്പറേഷന്‍റെ സഹകരണത്തോടെ ശുചിത്വപൂര്‍ണ മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിച്ചത്. 2009 ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക ഉപയോഗിച്ചാണ് നിര്‍മാണം ആരംഭിച്ചത്. ശേഷം ജോസഫ് വാഴയ്ക്കന്‍ എംഎല്‍എ ആയിരിക്കുമ്പോള്‍ ആസ്തി വികസന ഫണ്ടില്‍ നിന്ന് 45.33 ലക്ഷവും കേന്ദ്രത്തിന്‍റെ 1.62 ലക്ഷവും ചേര്‍ത്താണു നിര്‍മാണം പൂര്‍ത്തിയാക്കിയത്. ശീതീകരണ സംവിധാനവും, ആധുനിക മാലിന്യ സംസ്കരണ സംവിധാനവുമുള്‍പ്പെടെ നിരവധി സ്റ്റാളുകളും ഉള്‍കൊള്ളുന്ന രണ്ടു നില കെട്ടിടമാണ് ശുചിത്വ മത്സ്യ മാര്‍ക്കറ്റിനുവേണ്ടി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2014ല്‍ ഉദ്ഘാടനം നടത്തിയെങ്കിലും വര്‍ഷം എട്ട് കഴിത്തിട്ടും തുറന്നു നല്‍കിയിട്ടില്ല. ഇതിനിടെ രണ്ടു ഭരണസമിതികള്‍ മാറി വരികയും ചെയ്തു. എന്നാല്‍ ഇത് വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്നതിനാല്‍ മാര്‍ക്കറ്റിലെ പല ഉപകരണങ്ങളും സാമൂഹ്യ വിരുദ്ധര്‍ അഴിച്ചു വിറ്റു. മാര്‍ക്കറ്റിലെ വൈദ്യുതി ഉപകരണങ്ങളും ഫ്രീസറിന്‍റെ ഭാഗങ്ങളുമടക്കമാണ് സാമൂഹിക വിരുദ്ധര്‍ കടത്തിയിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ശീതീകരണ സംവിധാനങ്ങളെല്ലാം വെള്ളം കയറി നശിക്കുകയും ചെയ്തു. നേരത്തെ ഒരു വാച്ചറെ ഇവിടെ നിയമിച്ചിരുന്നങ്കിലും അജ്ഞാത കാരണങ്ങളാല്‍ ഇവിടെ നിന്നും മാറ്റിയത് സാമൂഹ്യ വിരുദ്ധര്‍ക്ക് ഗുണകരമായി. ഇതിനിടെ മാര്‍ക്കറ്റ് മുനിസിപ്പല്‍ സ്റ്റേഡിയത്തിന്‍െറ ഭാഗമാക്കാന്‍ നീക്കം നടക്കുന്നുണ്ട്. 35 കോടി ചെലവില്‍ നവീകരിക്കുന്ന സ്റ്റേഡിയത്തില്‍ അത്ലറ്റുകള്‍ക്ക് താമസിക്കാനുള്ള ഹോസ്റ്റലാക്കി മാറ്റാനാണ് നീക്കം. മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ ഒരേക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അശാസ്ത്രീയമായ നിര്‍മ്മാണമെന്നും ആരോപണമുണ്ട്. മഴപെയ്താല്‍ വെള്ളം കയറുന്ന സ്ഥലത്ത് മണ്ണിട്ടുയര്‍ത്താതെ നിര്‍മിച്ചതിനെതിരെ അന്നേ വിമര്‍ശനമുയര്‍ന്നെങ്കിലും തുക നഷ്ടമാകുമെന്ന കാരണം ചൂണ്ടിക്കാട്ടി നിര്‍മാണം നടത്തുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!