KarimannurLocal Live

കരിമണ്ണൂരില്‍ നവതി വാര്‍ഷികാഘോഷ വിളംബര ജാഥ നടത്തി

കരിമണ്ണൂര്‍ : സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി, ഹോളി ഫാമിലി എല്‍പി എന്നീ വിദ്യാലയങ്ങളുടെ നവതി വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള വിളംബരജാഥ നടത്തി. 1935ല്‍ കരിമണ്ണൂര്‍ പ്രദേശത്തെ സാധാരണക്കാരന്റെ വിദ്യാഭ്യാസ ആശ്രയമായി കരിമണ്ണൂര്‍ സെന്റ് മേരീസ് പള്ളിയോട് അനുബന്ധിച്ച് ആരംഭിച്ച ഈ രണ്ടു വിദ്യാലയങ്ങളും 2025ലാണ് 90 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. 2024 ജനുവരി 27 മുതല്‍ 2025 ജനുവരി 30 വരെ നീണ്ടുനില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ക്കാണ് വിളംബര ജാഥയോടെ തുടക്കമായത്.

സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച വിളംബര ജാഥ കരിമണ്ണൂര്‍ പട്ടണം ചുറ്റി ഹോളി ഫാമിലി എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ സമാപിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷത വഹിച്ചു. കരിമണ്ണൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ റ്റി.വി. ധനഞ്ജയ ദാസ് റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തി. കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി ജാഥയ്ക്ക് സമാപന സന്ദേശം നല്‍കി.

തദ്ദേശ സ്വയംഭരണ അംഗങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, പൂര്‍വ്വ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, അധ്യാപക – അനധ്യാപകര്‍, രക്ഷകര്‍തൃ സമിതി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, രക്ഷിതാക്കള്‍, വിദ്യാര്‍ത്ഥികള്‍, വിദ്യാര്‍ത്ഥി സംഘടനകളായ എന്‍സിസി, സ്റ്റുഡന്റ് പൊലീസ്, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, എന്‍എസ്എസ് എന്നിവയിലെ അംഗങ്ങള്‍ തുടങ്ങി ആയിരത്തോളം പേര്‍ അണിനിരന്നു. കേരളത്തിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന കലാരൂപങ്ങളും ബാന്‍ഡും ചെണ്ടമേളവും വിളംബരജാഥയെ വര്‍ണ്ണാഭമാക്കി.
പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു, എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. റ്റി. തോബിയാസ്, പിറ്റിഎ പ്രസിഡന്റ് ജോസണ്‍ ജോണ്‍, എംപിറ്റിഎ പ്രസിഡന്റ് ജോസ്മി സോജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!