Thodupuzha

സ്കൂള്‍ തുറക്കും മുമ്പേ പാഠപുസ്തകങ്ങളെത്തി

തൊടുപുഴ: അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ ഇത്തവണ വേനല്‍ അവധിക്ക് സ്കൂള്‍ അടക്കുന്നതിന് മുമ്പേ എത്തി.40.90 ശതമാനം പുസ്തകങ്ങളാണ് ഇതുവരെ കട്ടപ്പനയിലെ ജില്ല പാഠപുസ്തക ഹബിലെത്തിയത്. സ്കൂള്‍ തുറക്കുമ്ബോള്‍ ആവശ്യമുള്ള 3,18,639 ഒന്നാം വാല്യമാണ് ആദ്യഘട്ടമായെത്തിയത്. ഇവയുടെ വിതരണം തിങ്കളാഴ്ച ആരംഭിച്ചു .

അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുമ്ബുതന്നെ പുസ്‍തകങ്ങളെല്ലാം വിദ്യാര്‍ഥികളുടെ കൈകളിലെത്തുമെന്ന് ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ലയിലെ 513 വിദ്യാലയങ്ങളിലേക്കായി മൂന്ന് വാല്യങ്ങളിലായി 14,38,169 പാഠപുസ്‍തകങ്ങളാണ് ആവശ്യം. പാഠപുസ്തക സൊസൈറ്റികള്‍ വഴിയാണ് വിതരണം. ഇതില്‍ ഒന്നാം വാല്യത്തിന്റെ വിതരണം ഏപ്രില്‍, മേയ് മാസത്തോടെ പൂര്‍ത്തിയാകും. വിതരണത്തിനായുള്ള തരംതിരിക്കല്‍ വെള്ളിയാഴ്ച പൂര്‍ത്തിയാക്കിയിരുന്നു. കുടുംബശ്രീ ജില്ല മിഷന്‍ നിയോഗിച്ചവരാണ് തരംതിരിക്കുന്നത്.

വിതരണവും ഇവരുടെ നേതൃത്വത്തിലാണ്. ജില്ലയിലെ 130 സൊസൈറ്റികളിലേക്കും അവിടെനിന്ന് വിദ്യാലയങ്ങളിലേക്കും പുസ്തകങ്ങള്‍ എത്തിക്കും. അതത് വിദ്യാലങ്ങളില്‍നിന്നാണ് പുസ്‍തകങ്ങളുടെ ആവശ്യകത എത്രത്തോളമാണെന്ന് ഓണ്‍ലൈനായി കെ.ബി.പി.എസില്‍ അറിയിക്കുന്നത്. ഇതനുസരിച്ചാണ് പുസ്‍തകങ്ങള്‍ എത്തുന്നത്. വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിലാണ് മോണിറ്ററിങ്. സ്കൂളിന്‍റെ ആവശ്യത്തിനനുസരിച്ചാണ് പുസ്തകങ്ങള്‍ പ്രിന്‍റ് ചെയ്യുന്നത്.

പൊതുവിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോയുടെ സൗജന്യ അരി വിതരണം ജില്ലയില്‍ തുടങ്ങി.461 സ്കൂളുകളിലാണ് ജില്ലയില്‍ ഉച്ചഭക്ഷണ പദ്ധതിയുള്ളത്. 79, 868 വിദ്യാര്‍ഥികളുണ്ട്. ഇതില്‍ 337 സ്കൂളുകളിലും അരിയെത്തി വിതരണം തുടങ്ങിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറഞ്ഞു. 31നകം പൂര്‍ത്തിയാക്കും. സപ്ലൈകോ, മാവേലി സ്റ്റോറുകളില്‍നിന്നാണ് അരി അതത് സ്കൂളുകളില്‍ എത്തിക്കുന്നത്.

സ്കൂള്‍ ഉച്ചഭക്ഷണ കമ്മിറ്റിക്കാണ്‌ വിതരണച്ചുമതല. സ്കൂളുകളില്‍ ഉച്ചഭക്ഷണം കഴിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ അവധിക്കാലത്തും സുഭിക്ഷമായി ഭക്ഷണം കഴിക്കാനുള്ള അരി മുടങ്ങാതെ നല്‍കുകയാണ് അരി വിതരണത്തിന്‍റെ ലക്ഷ്യം.

Related Articles

Back to top button
error: Content is protected !!