Local LiveMuttom

സ്ഥിരം ഓഫീസ് മേധാവിയില്ല:എംവിഐപി ഓഫീസിന്റെ പ്രവര്‍ത്തനം അവതാളത്തില്‍

മുട്ടം: സ്ഥിരം ഓഫീസ് മേധാവിയില്ലാത്തത് മുട്ടം എംവിഐപി ഓഫീസിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതായി ആക്ഷേപം.ഈ ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ രണ്ടുമാസം മുമ്പാണ് കുമളിയിലേയ്ക്ക് സ്ഥലം മാറ്റിയത്.എന്നാല്‍ പുതിയ ആളെ നിയോഗിച്ചില്ല. പകരം രാമമംഗലം എം.വി.ഐ.പി.അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് അധികച്ചുമതല നല്‍കുകയായിരുന്നു. ഭൂമി കൈയേറ്റം,കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ തുടങ്ങി ദൈനംദിന തീരുമാനങ്ങളും നടപടികളും ആവശ്യമുള്ള സുപ്രധാന ചുമതലയാണ് മുട്ടത്തെ എന്‍ജിനീയര്‍ക്കുള്ളത്.വരള്‍ച്ചാ ഭീഷണിയുമായി ബന്ധപ്പെട്ടതടക്കം ഒട്ടേറെ പ്രശ്‌നങ്ങളില്‍ ദിവസേന ഇടപെടേണ്ടതുള്ളതിനാല്‍ രാമമംഗലം ഓഫീസിനും സമാന പ്രശ്‌നമുണ്ട്.ഈ രണ്ട് ഓഫീസുകളിലും സ്ഥിരം ഓഫീസര്‍മാര്‍ അനിവാര്യരാണെന്ന് ജീവനക്കാര്‍ പറയുന്നു.ഉന്നതാധികാരിയില്ലാത്തതിനാല്‍ മുട്ടം എംവിഐപി ഓഫീസില്‍ നിരവധി പരാതികള്‍ നടപടിയെടുക്കാതെ കെട്ടിവച്ചിരിക്കുകയാണ്. തെക്കുംഭാഗത്ത് അക്വഡേറ്റിന് താഴെ തടികള്‍ സൂക്ഷിച്ചതും പലയിടങ്ങളിലും എംവിഐപി ഭൂമി കൈയേറി കയ്യാലകള്‍ നിര്‍മിച്ചതും അടക്കമുള്ള പരാതികള്‍ ഇക്കൂട്ടത്തിലുണ്ട്.ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിനായി മുട്ടം എംവിഐപി ഓഫീസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല.
തെക്കുംഭാഗത്ത് കനാല്‍ ബണ്ട് പൊളിച്ച് സ്വകാര്യവ്യക്തി റോഡ് വെട്ടിയതുമായി ബന്ധപ്പെട്ട സംഭവത്തിന്റെ പേരിലാണ് എംവിഐപി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ സ്ഥലം മാറ്റിയത്.റോഡ് പൊളിച്ചതിനെതിരെ മുട്ടം എംവിഐപിനല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി ആരോപണമുയര്‍ന്നു. എന്നാല്‍ പരാതി പിന്‍വലിക്കാനാവില്ലെന്ന നിലപാടില്‍ മുട്ടം ഓഫീസ് ഉറച്ചുനിന്നതോടെ തലസ്ഥാനത്തു നിന്നും ഉന്നതരെത്തി പോലീസ് കേസ് രാജിയാക്കിയത് വിവാദമായിരുന്നു.

 

Related Articles

Back to top button
error: Content is protected !!