ChuttuvattomCrimeThodupuzha

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയില്‍

തൊടുപുഴ: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവിനെ കരിങ്കുന്നം പോലീസ് അറസ്റ്റു ചെയ്തു. കൊട്ടാരക്കാര കരീപ്ര ഇടിക്കിടം അഭിവിഹാറില്‍ അഭിരാജ് (30) ആണ് പോലീസിന്റെ പിടിയിലായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ 12 ഓളം സ്റ്റേഷനുകളിലായി 25 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന്
ഇതിനോടകം വ്യക്തമായി. കഴിഞ്ഞ മാസം വഴിത്തലയില്‍ പൂട്ടിക്കിടന്ന വീടിന്റെ അടുക്കള വാതില്‍ കുത്തിതുറന്ന് 20,000 രൂപ കവര്‍ന്ന കേസിലെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണം നടന്ന ഉടന്‍ പ്രതിയെ കണ്ടെത്താന്‍ പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്ന് ലഭിച്ച ചിത്രങ്ങളില്‍ സ്‌കൂട്ടറിലെത്തിയ മോഷ്ടാവിന്റെ ചിത്രം ലഭിക്കുകയായിരുന്നു. എന്നാല്‍ ചിത്രം വ്യക്തമല്ലാത്തതിനാല്‍ സ്ഥിരം മോഷ്ടാക്കളായ നിരവധിപേരെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി മറ്റ് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അഭിരാജാണ് പ്രതിയെന്ന് വ്യക്തമായത്. പ്രതി എറണാകുളം കുമ്പളത്ത് കുടുംബത്തോടൊപ്പം വാടകയ്ക്കു താമസിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് എസ്.ഐ ബൈജു പി.ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതിയെ കുമ്പളത്ത് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.

വേറിട്ട ശൈലിയില്‍ മോഷണം; പണം സ്വരുക്കൂട്ടിയത് ആഡംബര ജീവിതത്തിനായി..

താമസ സ്ഥലത്ത് നിന്നും കിലോമീറ്ററുകള്‍ അകലെയായിരിക്കും ഇയാള്‍ മോഷണം നടത്തുക. അടഞ്ഞു കിടക്കുന്നതും ഒറ്റപ്പെട്ടതുമായ വീടുകളില്‍ ഇരുചക്ര വാഹനങ്ങളിലെത്തി മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. എത്ര വിദഗ്ധമായ പൂട്ടും നിഷ്പ്രയാസം തുറക്കാന്‍ അഭിരാജിനാവും. മോഷണത്തിന് ശേഷം ബൈക്കില്‍ തന്നെ ഇയാള്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകും. തുടര്‍ന്ന് ബൈക്ക് പാഴ്‌സലായി ട്രെയിനില്‍ കയറ്റി ഡല്‍ഹിയിലേക്ക് അയയ്ക്കുകയും പിന്നാലെ ഇയാളും അവിടേക്കെത്തും. മോഷ്ടിച്ച പണവുമായി ഏതാനും നാള്‍ ആഡംബര ജീവിതം നയിച്ച ശേഷം വീണ്ടും നാട്ടിലെത്തുകയും കവര്‍ച്ചയില്‍ ഏര്‍പ്പെടുകയുമാണ് അഭിരാജ് ചെയ്യുന്നതെന്ന് പോലീസ് സൂചിപ്പിച്ചു. മറ്റ് പല സ്റ്റേഷനുകളില്‍ നിന്നും ഇയാളെക്കുറിച്ചുളള വിവരശേഖരണം നടത്തി വരികയാണ്. പ്രതിയുടെ ചിത്രങ്ങളും മറ്റും പ്രചരിക്കുന്നതോടെ വരും ദിവസങ്ങളില്‍ ഇയാള്‍ ഉള്‍പ്പെട്ട കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പോലീസിന്റെ നിഗമനം.
ഇരിക്കൂറില്‍ വീടു കുത്തിത്തുറന്ന് 21 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. ഇതേ കേസില്‍ കണ്ണൂര്‍ ജയിലില്‍ കഴിയവെ സഹതടവുകാരനെ അക്രമിച്ചതിനും പ്രതിക്കെതിരെ കേസുണ്ട്. പിടിയിലാകുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതെ പോലീസിനൊപ്പം പോകുന്നതാണ് ഇയാളുടെ രീതി. തുടര്‍ന്ന് റിമാന്‍ഡിലാകുകയും ജാമ്യത്തില്‍ പുറത്തിറങ്ങി വീണ്ടും മോഷണത്തിനിറങ്ങും. അഭിരാജും ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണ്. കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ എസ്.ഐ ബൈജു.പി.ബാബു, തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ടി.എം. ഷംസുദ്ദീന്‍, എസ്.സി.പി.ഒ മാഹിന്‍, കരിങ്കുന്നം പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ മധു എം.കെ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Related Articles

Back to top button
error: Content is protected !!