Thodupuzha

കോടതി സ്റ്റേ നിരാശാജനകം: കേസില്‍ കക്ഷിചേരുമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി

 

തൊടുപുഴ: ചിന്നക്കനാല്‍ ശാന്തന്‍പാറ മേഖലയില്‍ വളരെ നാളുകളായി ജനങ്ങളെ ഭീതിപ്പെടുത്തിക്കൊണ്ടിരിക്കുകയും ജനങ്ങളുടെ വീടുകളും കാര്‍ഷികാദായങ്ങളും നശിപ്പിച്ചുകൊണ്ടിരിക്കുകയും അവസാനം ഫോറസ്റ്റ് വാച്ചര്‍ ശക്തിവേലിന്റെ ഉള്‍പ്പെടെ നിരവധി ആളുകളുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ ജനപക്ഷത്ത് നിന്ന് ജനപ്രതിനിധിയെന്ന നിലയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. സ്റ്റേ പിന്‍വലിക്കുന്നതിന് കേസില്‍ കക്ഷിചേരുമെന്നും എം.പി. പറഞ്ഞു.
ഇവിടെ എത്രയോ മനുഷ്യജീവനുകളാണ് കാട്ടാന ആക്രമണത്തില്‍ വര്‍ഷാവര്‍ഷം പൊലിഞ്ഞു വീണുകൊണ്ടിരിക്കുന്നത്. ഇപ്പോഴും ഈ കാട്ടാനയെ പേടിച്ച് തൊഴിലാളികള്‍ വീടിന് പുറത്തിറങ്ങുന്നതിനോ ജോലിക്ക് പോകുവാനോ കഴിയാത്ത അവസ്ഥയിലാണ്. തിരുവനന്തപുരത്തുള്ള ഏതോ ഒരു പരിസ്ഥിതി-മൃഗ സംരക്ഷണ സംഘടനയില്‍പ്പെട്ട ഒരാള്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഇങ്ങനെ ഒരു വിധി നടപ്പാക്കിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. ഒരു സംഘടനയും ഇങ്ങനെയുള്ള ഒരു നടപടിയിലേക്ക് കടക്കരുത് എന്നതാണ് ജനപ്രതിനിധി എന്ന നിലയില്‍ അഭിപ്രായം.
ഒരു കാരണവശാലും സര്‍ക്കാര്‍ ഒരു ഭീഷണിക്കു മുന്നിലും മുട്ടു മടക്കരുത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കാനുള്ള മൗലികമായി ഉത്തരവാദിത്വം സര്‍ക്കാര്‍ നടപ്പാക്കുക തന്നെവേണം.കോടതിയുടെ ഭാഗത്തുനിന്ന് നീതിപൂര്‍വവുമായ ഇടപെടല്‍ ഉണ്ടാകണം. ജനപക്ഷത്ത് നിന്ന് ചിന്തിച്ച് കോടതി ഈ ഉത്തരവ് പുനപരിശോധിക്കണമെന്നും ഡീന്‍ കുര്യാക്കോസ് എം.പി. ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!