ChuttuvattomCrimeThodupuzha

ഓപ്പറേഷന്‍ കുബേര നിര്‍ജ്ജീവം; ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരത്തിലും പണമിടപാടുകാര്‍ വേരുറപ്പിച്ചു

തൊടുപുഴ: പലിശക്കാരെ പിടികൂടാന്‍ നടപ്പാക്കിയ ഓപ്പറേഷന്‍ കുബേര നിര്‍ജ്ജീവം. തമിഴ്നാട് വട്ടിപ്പലിശക്കാരടക്കം തട്ടിക്കൂട്ട് പണമിടപാട് സ്ഥാപനങ്ങളും അവസരം മുതലെടുത്ത് ജില്ലയില്‍ ഭീഷണിപ്പിരിവുമായി വീണ്ടും എത്തുന്നു. ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരത്തിലും പണമിടപാടുകാര്‍ വേരുറപ്പിച്ചു. മാസപ്പലിശയ്ക്ക് പുറമേ ആഴ്ചപ്പിരിവായാണ് പണം നല്‍കുന്നത്. ആവശ്യഘട്ടങ്ങളില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ അടഞ്ഞുകിടക്കുന്ന അവസരത്തിലാണ് ഉയര്‍ന്ന പലിശയാണെങ്കിലും പലരും പണം ലഭിക്കാന്‍ പലിശക്കാരെ ആശ്രയിക്കുന്നത്. പണം തിരിച്ചടയ്ക്കാന്‍ വൈകിയാല്‍ ഫോണ്‍വിളിയും ഭീഷണിയുമാണ് ഇവരുടെ രീതി. ഭയംമൂലം പലരും ഇത്തരം സംഭവങ്ങള്‍ പരാതിപ്പെടാനും മടിക്കുകയാണ്. മതിലുകളിലും,ഇലക്ട്രിക് പോസ്റ്റുകളിലും പോസ്റ്റര്‍ പതിച്ചാണ് ഇത്തരക്കാര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. കുറഞ്ഞ പലിശയെന്ന് പോസ്റ്ററുകളില്‍ ഉണ്ടെങ്കിലും പലിശ ഇരട്ടിയാണ് സാധരക്കാരില്‍ നിന്നും ഈടാക്കുന്നത്. നിരവധി ആളുകളാണ് ലോണ്‍ ഒഴിവാക്കുവാന്‍ വേണ്ടി കുറഞ്ഞ പലിശ എന്ന വാഗ്ദാനത്തില്‍ വീണിരിക്കുന്നത്.

ഭൂരിഭാഗം വട്ടിപ്പലിശക്കാരും പണമിടപാട് സ്ഥാപനങ്ങളും സ്ത്രീകളെ ലക്ഷ്യം വച്ചാണ് ലോണ്‍ നല്‍കുന്നത്. ഗ്രൂപ്പുകള്‍ തിരിച്ചാണ് പണം കൈമാറ്റം. മുടക്കം വരാതെ അടയ്ക്കാമെന്ന ഉറപ്പും ഇവര്‍ എഴുതിവാങ്ങും. ഗ്രൂപ്പിലുള്ള ഒരാളുടെ വീടാണ് കളക്ഷന്‍ സെന്ററായി തിരഞ്ഞെടുക്കുന്നത്. ഒരാള്‍ പണം അടക്കായാതാല്‍ ബാക്കിയുള്ളവര്‍ ചേര്‍ന്ന് അടയ്ക്കണം. അടവ് മുടങ്ങിയാല്‍ പിന്നെ സമ്മര്‍ദ്ദമാണ്. ഫോണ്‍വിളിയാണ് ആദ്യം. തുടര്‍ന്ന് നിരന്തരം വീടുകളില്‍ കയറി ഇറങ്ങുകാണ് രീതി. അടുത്തിടെയാണ് പലിശക്കാരുടെ ശല്യം സഹിക്കാതാതോടെ വാടക വീട്ടില്‍ നിന്ന് കുടുംബങ്ങളെ ഒഴിവാക്കിയതും. 2014 മേയിലാണ് ഓപ്പറേഷന്‍ കുബേരയുടെ തുടക്കം. ഇന്റലിജന്‍സ് മേധാവിയായിരുന്ന ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പലിശക്കാരെ തേടിയിറങ്ങി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുതല്‍ വന്‍കിട മാഫിയകള്‍ വരെ പിടിയിലായി. ഏറ്റവും കൂടുതല്‍ കേസുകളുണ്ടായത് പാലക്കാടായിരുന്നെങ്കിലും അന്ന് കൂടുതല്‍ പണം പിടിച്ചത് എറണാകുളത്ത് നിന്നായിരുന്നു. പിന്നീട് പലവട്ടം മിന്നല്‍ ഓപ്പറേഷനുകള്‍ നടന്നെങ്കിലും പതിയെ കുബേര നിര്‍ജ്ജീവമായി.

Related Articles

Back to top button
error: Content is protected !!