IdukkiLocal Live

പെയ്ഡ് ന്യൂസ് അനുവദിക്കില്ല, കര്‍ശന നടപടി ഉണ്ടാകും : ജില്ലാ കളക്ടര്‍

ഇടുക്കി : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം, പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്‍ മുഖേന വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ചെലവില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.

ജനപ്രാതിനിധ്യ നിയമ പ്രകാരം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന ദിവസം മുതല്‍ പെയ്ഡ് ന്യൂസുകള്‍ പരിശോധിക്കും. മാധ്യമ നിരീക്ഷണ സമിതി കണ്ടെത്തുന്ന പെയ്ഡ് ന്യൂസുകളില്‍, റിട്ടേണിംഗ് ഓഫീസര്‍, വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ 96 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥിയില്‍ നിന്ന് വിശദീകരണം തേടുകയോ അവരുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യും. 48 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ത്ഥിയോ പാര്‍ട്ടിയോ വിശദീകരണം നല്‍കണം. ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെയോ ഒരു പാര്‍ട്ടിയെയോ പ്രശംസിക്കുന്ന വാര്‍ത്താ ലേഖനങ്ങള്‍ , റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ എതിരാളികളെ അപകീര്‍ത്തിപ്പെടുത്തുന്ന സമാനമായ വാര്‍ത്താ ലേഖനങ്ങള്‍ , റിപ്പോര്‍ട്ടുകള്‍ എന്നിവ പെയ്ഡ് ന്യൂസായി പരിഗണിക്കപ്പെടാവുന്നതാണ്.

വ്യത്യസ്ഥ ലേഖകരുടെ പേരില്‍ വിവിധ പത്രങ്ങള്‍, മാസികള്‍ എന്നിവയില്‍ അടുത്തടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ഒരേതരത്തിലുള്ള ലേഖനങ്ങളും ഇത്തരം സ്വഭാവത്തില്‍ പരിഗണിക്കപ്പെടാം.പണമടച്ചുള്ള വാര്‍ത്തകള്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ശരിയായ അഭിപ്രായങ്ങള്‍ രൂപീകരിക്കാനുള്ള അവരുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുന്നത്. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരഞ്ഞെടുപ്പിന് അത് തടസ്സം സൃഷ്ടിക്കുന്നു.

 

Related Articles

Back to top button
error: Content is protected !!