Idukki

പെരിയാര്‍ അന്ത്യ ശ്വാസം വലിക്കുന്നു

ഇടുക്കി : കേരളത്തിലെ പ്രധാന നദികളിലൊന്നായ പെരിയാര്‍ അന്ത്യ ശ്വാസം വലിക്കുന്നു. നേരിയ നീരൊഴുക്കു മാത്രമാണ് പെരിയാറിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്.ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഈ നീരൊഴുക്കും നിലയ്ക്കും. പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് വേനല്‍ മഴ ഇതുവരെ ലഭിച്ചിട്ടില്ല. കൈവഴികളായ ചെറുപുഴകളും തോടുകളും ഫെബ്രുവരി പകുതിയോടെ വറ്റിവരണ്ടിരുന്നു. നീരൊഴുക്കു കുറഞ്ഞതിനാല്‍ അന്നു മുതല്‍ പെരിയാറിനെ ആശ്രയിച്ചുള്ള വലുതും ചെറുതുമായ അന്‍പതിലധികം കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലായിരുന്നു. ജലവിതരണം ആഴ്ചയില്‍ രണ്ടു ദിവസമായി പരിമിതപ്പെടുത്തുകയും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.

നീരാഴുക്കു നിലച്ചാല്‍ പമ്പിംഗ് നിര്‍ത്തിവയ്‌ക്കേണ്ടി വരുമെന്ന ആശങ്കയിലാണ് അധികൃതരും നാട്ടുകാരും. അങ്ങനെ സംഭവിച്ചാല്‍ പീരുമേട്, ഉടുമ്പന്‍ചോല , ഇടുക്കി താലൂക്കുകളിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ശുദ്ധജലത്തിന് മറ്റു വഴികള്‍ തേടേണ്ടിവരും. ഹൈറേഞ്ചില്‍ രണ്ടു മാസം മുന്‍പു മുതല്‍ ഉയര്‍ന്ന പ്രദേശങ്ങളെല്ലാം കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്. കിലോമീറ്ററുകള്‍ താണ്ടിയാണ് ഇവര്‍ ഇപ്പോള്‍ കുടിവെള്ളം ശേഖരിക്കുന്നത്. ദൂരെ സ്ഥലങ്ങളിലുള്ളവര്‍ അലക്കാനും കുളിക്കാനും പെരിയാറിനെയാണ് ആശ്രയിക്കുന്നത്. നീരൊഴുക്കു നിലയ്ക്കുന്നതോടെ ഇവരും പ്രതിസന്ധിയിലാകും.1986 ലാണ് ഇതിനു മുമ്പ് പെരിയാര്‍ ഇതുപോലെ വറ്റിവരണ്ടത്. അന്നു രണ്ടു മാസത്തോളം പെരിയാറില്‍ നീരൊഴുക്ക് ഉണ്ടായിരുന്നില്ല. അതിനിടെ നിര്‍വഹണത്തിലെ അനാസ്ഥയും അശാസ്ത്രീയതയും മൂലം നിരവധി പദ്ധതികള്‍ പാതിവഴിയില്‍ നിശ്ചലമായതും ഹൈറേഞ്ചിലെ കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു. ഇനി മഴ പെയ്താലും രക്ഷിച്ചെടുക്കാന്‍ കഴിയാത്ത വിധം ഏലം, കുരുമുളക്, കാപ്പി അടക്കമുള്ള കാര്‍ഷിക വിളകളെല്ലാം കരിഞ്ഞുണങ്ങിയിരിക്കുകയാണ്.

 

Related Articles

Back to top button
error: Content is protected !!