Thodupuzha

മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ അനുമതി:  വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം: കെ.കെ ശിവരാമന്‍

തൊടുപുഴ: മുല്ലപ്പെരിയാര്‍ ബേബി ഡാമിന്റെ താഴ്ഭാഗത്ത് റിസര്‍വ് വനത്തിലുള്ള മൂന്ന് വന്‍ മരങ്ങള്‍ ഉള്‍പ്പെടെ 18 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനം മന്ത്രിയും വനംവകുപ്പ് മേധാവിയും അറിയാതെ അനുമതി നല്‍കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപമുള്ള മരങ്ങള്‍ മുറിച്ച് മാറ്റണമെന്ന് തമിഴ്നാട് വര്‍ഷങ്ങളായി ആവശ്യപ്പെടുന്നതാണ്. ബേബി ഡാം ബലപ്പെടുത്തുന്നതിന് വേണ്ടിയാണ് തമിഴ്നാട് ഈ ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ ബേബി ഡാം ബലപ്പെടുത്തിയത് കൊണ്ട് മാത്രം മുല്ലപ്പെരിയാറിന്റെ ബലം കൂടില്ല. 125 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന് പകരം പുതിയ ഡാം നിര്‍മ്മിക്കണമെന്നാണ് ഇപ്പോഴും കേരളത്തിന്റെ ആവശ്യം. കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും എന്നതാണ് കേരളത്തിന്റെ നയം. പെരിയാറിന്റെ തീരത്തുള്ള പതിനായിരകണക്കിന് ആളുകളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന്റെ ബാധ്യത കേരളത്തിനുണ്ട്. ഇതുകൊണ്ടാണ് ബലക്ഷയം വന്ന ഡാമിന് പകരം പുതിയ ഡാം എന്ന നയം കേരളം സ്വീകരിച്ച് വരുന്നത്. 136 അടിയായിരുന്ന ജലനിരപ്പ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് 142 അടിയിലേക്ക് മാറ്റിയത്. കേരളം സുപ്രീംകോടതി നല്‍കിയ അപേക്ഷയെ തുടര്‍ന്ന് റൂള്‍ കര്‍വില്‍ മാറ്റം വരുത്തുകയും കഴിഞ്ഞ മാസം 31 വരെ 139. 50 അടിയായി ജലനിരപ്പ് നിലനിര്‍ത്താന്‍ തമിഴ്നാട് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു. എന്നാല്‍ റൂള്‍ കര്‍വ് നിയമവും തമിഴ്നാട് ലംഘിച്ചു. ഇതിനെതിരെ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ ഇരിക്കെയാണ് വനംവകുപ്പ് മന്ത്രി പോലും അറിയാതെ ബേബി ഡാമിന് താഴെയുള്ള 18 മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയത്. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന സമീപനം സ്വീകരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തലത്തിലും നിയമ തലത്തിലും നടപടി സ്വീകരിക്കണമെന്നും കെ.കെ ശിവരാമന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!