Idukki

വൈദ്യുതി ക്ഷാമം ; ഇടുക്കിയുള്‍പ്പെടെ മൂന്ന് ജില്ലകള്‍ക്ക് പ്രത്യേക പാക്കേജ്

തിരുവനന്തപുരം : വൈദ്യുതി ക്ഷാമം രൂക്ഷമായ മൂന്ന് ജില്ലകളില്‍ പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ കെഎസ്ഇബി. മലപ്പുറം, കാസര്‍കോട്, ഇടുക്കി ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന റെഗുലേറ്ററി കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. അഞ്ചു വര്‍ഷത്തെ മൂലധന നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ നടത്തിയ തെളിവെടുപ്പില്‍ മൂന്ന് ജില്ലകളെ വൈദ്യുത വിതരണ രംഗം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി കെഎസ്ഇബി അവതരിപ്പിച്ചു.

നടപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളടക്കം രണ്ടാഴ്ചക്കകം സമര്‍പ്പിക്കാന്‍ കെഎസ്ഇബിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. മൂന്ന് ജില്ലകളിലായി പുതിയ സബ് സ്റ്റേഷനുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കല്‍, വൈദ്യുത ലൈനുകളുടെ വിപുലീകരണം തുടങ്ങിയവക്കായി ആകെ 1023.04 കോടി രൂപയാണ് ചെലവിടുകയെന്ന് കെഎസ്ഇബി റെഗുലേറ്ററി കമ്മീഷനെ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 410.93 കോടി, ഇടുക്കിയില്‍ 217.96 കോടി, കാസര്‍കോട്-394.15 കോടി എന്നിങ്ങനെയാണ് വിഹിതം ഉള്‍പ്പെടുത്തിയിട്ടുള്ളത്. മലപ്പുറത്തെ വൈദ്യുതി ഉപയോഗത്തില്‍ രണ്ടുവര്‍ഷത്തിനിടെ 16 ശതമാനം വര്‍ധനയുണ്ടായെന്നും എന്നാല്‍, ഇതനുസരിച്ചുള്ള വിതരണ ശൃംഖലയില്ലെന്നും കെഎസ്ഇബി സമ്മതിച്ചിരുന്നു.

പാഠം പഠിക്കണം

തിരുവനന്തപുരം : മുമ്പെങ്ങുമില്ലാത്ത വിധം വൈദ്യുതി പ്രതിസന്ധി ഉണ്ടായത് കെഎസ്ഇബിക്ക് പാഠമാകണമെന്ന് റെഗുലേറ്ററി കമ്മീഷന്‍. മൂലധന നിക്ഷേപ പദ്ധതിയുടെ ഭാഗമായി 2024-25 വര്‍ഷം 1099 വിതരണ ട്രാന്‍സ്‌ഫോര്‍മറുകള്‍ കൂടി സ്ഥാപിക്കുമെന്ന കെഎസ്ഇബിയുടെ വിശദീകരണം കേട്ടശേഷമായിരുന്നു കമ്മീഷന്‍ പ്രതികരണം. ഇപ്പോഴുണ്ടായ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും കെഎസ്ഇബി ഗൗരവമായി കാണണം. മൂലധന നിക്ഷേപ പദ്ധതികള്‍ തയാറാക്കുമ്പോള്‍ വൈദ്യുതി ഉപയോഗം ഉയര്‍ന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്നും കമീഷന്‍ അംഗം ബി. പ്രദീപ് നിര്‍ദേശിച്ചു.

 

Related Articles

Back to top button
error: Content is protected !!