Thodupuzha

ഷെയര്‍ പിരിച്ച് വന്‍ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ പ്രസിഡന്റ് അറസ്റ്റില്‍

തൊടുപുഴ: തനിമ അഗ്രോ ഡെലവല്‍പ്പ്‌മെന്റ് സൊസൈറ്റിയുടെ പേരില്‍ വിദേശമലയാളികളില്‍ നിന്നടക്കം ഷെയര്‍ പിരിച്ച് വന്‍ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയായ പ്രസിഡന്റ് അറസ്റ്റില്‍. കരിമണ്ണൂര്‍ മണ്ണാറത്തറ കുറുമ്പയില്‍ ജയന്‍ പ്രഭാരനെ(48) യാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ലാഭവിഹിതം വാഗ്ധാനം ചെയ്ത് 196 പേരില്‍ നിന്നായി 1.2 കോടിയിലധികം രൂപ ഷെയര്‍ വാങ്ങിയ ശേഷം തട്ടിപ്പ് നടത്തുകയായിരുന്നു.

ഇതില്‍ 36 പേര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തൊടുപുഴ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ പ്രതിയെ പിടികൂടിയത്. സംഭവത്തില്‍ ഇയാളുടെ കൂട്ടാളികളായ മറ്റ് ഭാരവാഹികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

ഒരാളുടെ കൈയില്‍ നിന്ന് 25000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ ഇയാള്‍ ഷെയര്‍ ആയി വാങ്ങി. ആകര്‍ഷകമായ തരത്തില്‍ പ്രമുഖ മാധ്യമങ്ങളിലടക്കം പരസ്യം നല്‍കിയായിരുന്നു തട്ടിപ്പിന് വേണ്ട കളമൊരുക്കിയത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 9ന് ആണ് വെങ്ങല്ലൂര്‍ ഷാപ്പുംപടിയില്‍ തനിമ 60x 40 കസ്റ്റമേഴ്‌സ് ഫ്രണ്ട്‌ലി ഓപ്പണ്‍ എന്ന പേരില്‍ സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ചത്. ഇതിലെ ജീവനക്കാരെ തെരഞ്ഞെടുത്തതും ഇത്തരത്തില്‍ ഷെയര്‍ എടുപ്പിച്ച ശേഷമായിരുന്നു. ഇവര്‍ക്കും വലിയൊരു തുക ശമ്പളമായി നല്‍കാനുണ്ട്.

ടൗണില്‍ നിന്ന് ഉള്ളിലേക്ക് കയറി നിര്‍മിച്ച ഏതാണ്ട് പൂര്‍ണ്ണമായും ഷീറ്റ് മേഞ്ഞ കെട്ടിടത്തിന് 80 ലക്ഷം മുടക്കായി എന്ന വിവരം പുറത്ത് വന്നതോടെയാണ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്. കെട്ടിടം നിര്‍മിച്ചത് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായിരുന്നു. ഇതിനായി സ്ഥലം നല്‍കിയ ആളും ഭാരവാഹിയാണ്. ഇയാളുടെ കള്ളയൊപ്പിട്ടാണ് വാടക ചീട്ട് നേടി പ്രവര്‍ത്തനം ആരംഭിച്ചതെന്നാണ് ആദ്യമുയര്‍ന്ന ആരോപണം. ഇതോടെ ഷെയര്‍ എടുത്തവരും പ്രസിഡന്റുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി. ആറ് മാസത്തിനുള്ളില്‍ കെട്ടിടത്തിന്റെ വാടക കരാറടക്കം ഇല്ലാത്തതും കോടതി കേസുമായതോടെ ഷോപ്പ് അടച്ച് പൂട്ടി.

പിന്നീട് ബാലന്‍സ് തുകയായ 1.5 ലക്ഷം നല്‍കാതെ വന്നതോടെ മുറ്റത്ത് ടൈല്‍ വിരിച്ചയാള്‍ ഇതെല്ലാം തിരികെയെടുത്തുകൊണ്ട് പോയി. ദിവസവും ലാഭവിഹിതം അക്കൗണ്ടിലെത്തുമെന്നായിരുന്നു മോഹന വാഗ്ധാനം നല്‍കിയത്. ആദ്യ രണ്ട് മാസം പിന്നിട്ടിട്ടും ഇത് ലഭിക്കാതെ വന്നതോടെ പ്രശ്‌നമായി പിന്നീട് ചെറിയ തോതില്‍ രണ്ടാഴ്ചക്കാലം പണമെത്തി. എന്നാല്‍ പിന്നീട് ഇതും നിലച്ചു. 50,000 രൂപയുടെ ഷെയര്‍ എടുത്തയാള്‍ക്ക് ഇത്തരത്തിലാകെ ലഭിച്ചത് 200 രൂപയില്‍ താഴെ മാത്രമാണ്.

2016ല്‍ കോതമംഗലത്ത് നിന്ന് ചിട്ടി തട്ടിപ്പ് കേസിലും ജയന്‍ അറസ്റ്റിലായിരുന്നു. സമാനമായി ഇയാള്‍ മറ്റ് സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നതും പരിശോധിച്ച് വരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!