Kerala

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധനവ് ഉടന്‍

തിരുവനന്തപുരം: സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധനവ് ഉടനുണ്ടാകും. വില കൂട്ടുന്നത് പഠിക്കാന്‍ നിയോഗിച്ച സമിതി കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
വിപണി വിലയെക്കാള്‍ കുറവായിരിക്കും സപ്ലൈകോ സാധനങ്ങള്‍ക്കെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു. ജനങ്ങളുടെമേല്‍ അമിതഭാരം ഏല്‍പ്പിക്കില്ലെന്നും ഭക്ഷ്യമന്ത്രി ഉറപ്പ് നല്‍കുന്നു.
2016 ല്‍ വിലകൂട്ടിയതിന് ശേഷം സപ്ലൈകോയില്‍ വില വര്‍ധനവ് ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍വാദം. അന്ന് വിലകൂട്ടിയപ്പോള്‍ വിപണി വിലയുടെ ഇരുപത്തിയഞ്ച് ശതമാനം മാത്രമായിരുന്നു സപ്ലൈകോയിലെ സാധനങ്ങളുടെ വില. ഇക്കുറി വില കൂട്ടുമ്‌ബോളും വിപണി വിലയുടെ 25 ശതമാനം മാത്രമായിരിക്കും സപ്ലൈകോയിലെ നിരക്കെന്നാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്. വില കൂട്ടുന്നത് സംബന്ധിച്ച് സപ്ലൈകോയിലെ സാഹചര്യം പഠിക്കാന്‍ നിയോഗിച്ച സമിതി ഇക്കാര്യങ്ങളടക്കം സര്‍ക്കാരിനെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍ പതിമൂന്നിന സാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ സപ്ലൈകോയിലൂടെ നല്‍കുന്നത്.
സബ്‌സിഡി സാധനങ്ങളുടെ എണ്ണം കൂട്ടുന്നതും ഭക്ഷ്യ വകുപ്പിന്റെ പരിഗണനയിലുണ്ട്. വിലകൂട്ടാനുള്ള തീരുമാനം മന്ത്രിസഭ യോഗം അംഗീകരിച്ചാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. അതിനിടെ വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശികയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കുടിശിക തീര്‍ക്കാത്തതിനാല്‍ സാധനങ്ങളുടെ ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്തതും സപ്ലൈകോയ്ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ഔട്ട്‌ലെറ്റുകളിലും സബ്‌സിഡി സാധനങ്ങള്‍ മാസങ്ങളായി എത്തിയിട്ടില്ല. വില കൂട്ടുന്നതിനൊപ്പം സാധനങ്ങളുടെ ലഭ്യത കൂടി ഉറപ്പാക്കിയാലെ സപ്ലൈകോയുടെ പ്രവര്‍ത്തനം സുഗമമാകൂ.

 

 

Related Articles

Back to top button
error: Content is protected !!