Kerala

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ; കേരള പദയാത്ര സമാപനത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. രാവിലെ 10ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി വിഎസ്എസ്സിയിലേക്കു പോകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനു ശേഷം പതിനൊന്നരയോടെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സമ്മേളന വേദിയിലേക്കെത്തും. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.

ഗഗന്‍യാന്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം വിഎസ്എസ്‌സിയില്‍ വച്ച് മോദി ഗഗന്‍യാന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ബഹിരാകാശ സഞ്ചാരികളായി തിരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിക്കും. നാല് പേരും ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാരാണ്. ഇതില്‍ ഒരാള്‍ മലയാളിയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ 7 മുതല്‍ 2 വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, കൊച്ചുവേളി, സൗത്ത് തുമ്പ റോഡിലും ആള്‍സെയിന്റ്‌സ് ജംക്ഷന്‍ മുതല്‍ പാറ്റൂര്‍, പാളയം, പുളിമൂട് വരെയും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം പ്രധാനമന്ത്രി തമിഴ്‌നാട്ടിലേക്ക് പോകും. തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തില്‍ പങ്കെടുക്കും. 4ഓടെ ഹെലികോപ്റ്ററില്‍ മധുരയിലേക്ക് പോകുന്ന മോദി, ചെറുകിട -ഇടത്തരം വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് രാത്രി മധുരയില്‍ തങ്ങുന്ന മോദി നാളെ തൂത്തുകുടിയിലും തിരുനെല്‍വേലിയിലും പരിപാടികളില്‍ സംബന്ധിക്കും.

 

Related Articles

Back to top button
error: Content is protected !!