IdukkiLocal Live

ജനകീയ ഹര്‍ത്താലില്‍ പ്രതിഷേധം അലയടിച്ചുയരും: എല്‍.ഡി.എഫ്

ഇടുക്കി: ചൊവ്വാഴ്ച നടത്തുന്ന ജനകീയ ഹര്‍ത്താലില്‍ 12 ലക്ഷത്തോളം വരുന്ന ഇടുക്കിയിലെ ജനങ്ങളുടെ പ്രതിഷേധം അലയടിച്ചുയരുമെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കടകള്‍ അടച്ചും സ്വകാര്യവാഹനങ്ങള്‍ ഒഴിവാക്കിയും യാത്രകള്‍ ഒഴിവാക്കിയും ജനങ്ങള്‍ ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ മുന്നോട്ട് വരണം. ആറുപതിറ്റാണ്ടിലേറെയായി കുടിയേറ്റ ജനതയുടെ സ്വപ്നമായ ഭൂനിയമ ഭേദഗതി ബില്‍ പാസാക്കാതെ മൂന്നരമാസം അടയിരുന്ന ഗവര്‍ണര്‍ക്കെതിരെ രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന ഒമ്പതിന് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിക്ക് ഗവര്‍ണണര്‍ എത്തുന്നത് വഞ്ചനയാണ്. ഇതിന് ചരിത്രം മാപ്പ് നല്‍കില്ല. ഈ മണ്ണില്‍ ഭൂപ്രശ്‌നങ്ങളുടെ കുരുക്കുകളില്ലാതെ ജീവിക്കാന്‍ അനുവദിക്കാത്തതിലുള്ള കുടിയേറ്റജനതയുടൈ പ്രതിഷേധത്തിന്റെ പ്രതിഫലനമാണ് രാജ്ഭവന്‍ മാര്‍ച്ചും ജില്ലാ ഹര്‍ത്താലുെമന്ന് എല്‍ഡിഎഫ്. ഇടുക്കിയില്‍ സംഘര്‍ഷമുണ്ടാക്കുകയാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം. രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്ന അതേ ദിവസം തന്നെ ഗവര്‍ണറെ ഇടുക്കിയിലേക്ക് കൊണ്ടുവരുന്നതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. അതിന് കളം ഒരുക്കി കൊടുക്കുന്നതിനു ഒരുവിഭാഗം വ്യാപാരി നേതാക്കളുമായി ചില അന്തര്‍ധാരകളും ഗൂഢാലോചനയുമുണ്ട്. സംഘര്‍ഷമുണ്ടാക്കാനുള്ള ആസൂത്രിത നീക്കത്തില്‍ ഒരു എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍പോലും ഉള്‍പ്പെട്ടുപോകാതെ ശ്രദ്ധിക്കണമെന്നും സാധാരണ വ്യാപാരികള്‍ക്ക് പ്രയോജനം ലഭിക്കുന്ന കുടുംബസഹായനിധിയുടെ ഉദ്ഘാടനത്തെ തടസപ്പെടുത്താന്‍ എല്‍.ഡി.എഫിന് ഉദ്ദേശമില്ലെന്നും എന്നാല്‍, അന്തസും മാന്യതയും ഇല്ലാത്ത രീതിയാണ് വ്യാപാരി നേതൃത്വം സ്വീകരിച്ചതെന്നും എല്‍ഡിഎഫ്.
ഭൂനിയമ ഭേദഗതിബില്ലിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വ്യാപാരി സമൂഹമാണ്. കുടിയേറ്റ കര്‍ഷകരുടെ അധ്വാനവും വിയര്‍പ്പും കൊണ്ടാണ് വ്യാപാരികള്‍ വളര്‍ന്നുവലുതായത്. ജില്ലയില്‍ ഉയര്‍ന്നു പൊങ്ങുന്ന വ്യാപാര സമുച്ചയങ്ങള്‍ക്ക് പിന്നില്‍ കര്‍ഷകന്റെ കഠിനാധ്വാനത്തിന്റെയും ചില്ലിക്കാശിന്റെ ഫലമാണെന്ന് നേതൃത്വം മറന്നുപോകരുത്. അഹങ്കാരത്തിന്റെ ആള്‍ രൂപമായിമാറിയ ജനങ്ങള്‍ വെറുക്കുന്ന ഗവര്‍ണറെ ഇടുക്കിയിലെക്ക് കെട്ടിയിറക്കി ഒരു ജനതയാകെ വെല്ലുവിളിച്ച്, ആളാകാന്‍ വേണ്ടിയാണ് ഈ ഹീനനീക്കമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
സമാധാനപരമായി ഹര്‍ത്താല്‍ വന്‍വിജയമാക്കി മാറ്റുന്നതിന് മുഴുവന്‍ ആളുകളും സന്നദ്ധരാകണമെന്നും ജനകീയ വികാരം പ്രതിഫലിപ്പിക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.കെ ശിവരാമന്‍, സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍, മറ്റ് എല്‍.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി

ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ഥാടകവാഹനങ്ങളെയും പാല്‍, പത്രം, ആശുപത്രികള്‍, രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍, വിവാഹ യാത്രകള്‍, മരണാനന്തരചടങ്ങുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്.

 

 

Related Articles

Back to top button
error: Content is protected !!