ChuttuvattomThodupuzha

തൊടുപുഴ- മൂലമറ്റം റൂട്ടിലെ അപകടങ്ങള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുമെന്ന് പൊതുമാരാമത്ത് വകുപ്പ്

തൊടുപുഴ: അപകടങ്ങള്‍ സ്ഥിരം കാഴ്ചയാകുന്ന തൊടുപുഴ- മൂലമറ്റം റൂട്ടില്‍ പൊതുമാരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ വേഗം നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കും. അപകടങ്ങളുടെ തോത് വര്‍ദ്ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുന്നത്. നിരപ്പായ റോഡായതിനാല്‍ വാഹനങ്ങള്‍ അമിതവേഗതയിലാണ് സഞ്ചരിക്കുന്നത്. മഴക്കാലത്താണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. വളവുകളില്‍ അപ്രതീക്ഷിതമായി വാഹനം ബ്രേക്ക് ഇടുന്നതും പെട്ടെന്ന് വെട്ടിത്തിരിക്കുന്നതും മൂലമാണ് അപകടങ്ങളുണ്ടാകുന്നതെന്ന് പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു. വേഗതയില്‍ ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളെ ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതും അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് റോഡില്‍ കൂടുതലായി വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചു. വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനായി ഇവിടെ മുന്‍പ് നീരിക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ഇതിനു പുറമേ പോലീസിന്റെയും മോട്ടോര്‍വാഹന വകുപ്പിന്റെയും നേതൃത്വത്തില്‍ വാഹന പരിശോധനയും ശക്തമാക്കിയിരുന്നു. കൂടാതെ വഴിക്കണ്ണ് എന്ന പേരില്‍ ഈ റൂട്ടിലെ അപകടങ്ങള്‍ കുറയ്ക്കാനായി പ്രത്യേക ക്യാമ്പയിനും, ഡ്രൈവര്‍മാര്‍ക്കായി ബോധവത്കരണവും സംഘടിപ്പിച്ചിരുന്നു. നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതും, കാര്യക്ഷമമല്ലാത്ത പരിശോധനയുമാണ് അപകടങ്ങളുടെ എണ്ണം വര്‍ദ്ധിക്കാനിടയാക്കിയത്. കൂടുതല്‍ സ്പീഡ് ബ്രേക്കറുകള്‍ ഘടിപ്പിക്കുന്നതിലൂടെ അപകടങ്ങള്‍ ഒരു പരിധിവരെ തടയാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഡ്രൈവര്‍മാരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ ചൂണ്ടികാട്ടി.

 

Related Articles

Back to top button
error: Content is protected !!