Thodupuzha

റിവര്‍വ്യൂ റോഡിന്റെ വീതികൂട്ടി നിര്‍മിക്കുന്ന ജോലി പൂര്‍ത്തീകരിക്കണം: റോഡ് പ്രൊട്ടക്ഷന്‍ മൂവ്മെന്റ്

തൊടുപുഴ: അലൈന്‍മെന്റ് പ്രകാരം റിവര്‍വ്യൂ റോഡിന്റെ വീതികൂട്ടി നിര്‍മിക്കുന്ന ജോലി എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് റിവര്‍വ്യൂ റോഡ് പ്രൊട്ടക്ഷന്‍ മൂവ്മെന്റ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് 27നു വൈകുന്നേരം അഞ്ചിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഇവര്‍ അറിയിച്ചു.റോഡിന്റെ പ്രവേശനകവാടമായ ചാഴികാട്ട് ആശുപത്രി ജങ്ഷനില്‍ റവന്യൂവകുപ്പ് ഏറ്റെടുത്ത് പി.ഡബ്ല്യു.ഡിക്ക് കൈമാറിയ സ്ഥലത്തെ കെട്ടിടം നീക്കം ചെയ്യാത്തത് റോഡിന്റെ പൂര്‍ത്തീകരണത്തിന് തടസമായിരിക്കുകയാണ്. തൊടുപുഴയുടെ രാജപാത എന്നു വിശേഷിപ്പിക്കാവുന്ന ഈ റോഡിന് അനന്തമായ ടൂറിസം സാധ്യതകളാണുള്ളത്.നടപ്പാത പൂര്‍ത്തീകരിച്ച് ഫാന്‍സി ലൈറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് മനോഹരമാക്കിയാല്‍ ആകര്‍ഷണകേന്ദ്രമായി ഇതുമാറും.എന്നാല്‍ പുഴയിലേക്ക് ഒഴുകിയെത്തുന്ന മാലിന്യത്തിന്റെ തോത് വര്‍ധിക്കുകയാണ്. തടികളുടെ അവശിഷ്ടങ്ങളും പുഴയില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. നഗരത്തിലെ മാലിന്യം പുഴയിലേക്ക് തള്ളുന്ന പ്രവണത കൂടിവരികയാണ്. ഇതിനു പുറമെ പ്രദേശത്ത് മയക്കുമരുന്നുവ്യാപാരവും മദ്യപാനികളുടെ ശല്യവും വര്‍ധിച്ചുവരികയാണ്.കുളിക്കടവിലെത്തുന്ന സ്ത്രീകളെ ഉള്‍പ്പെടെ അസഭ്യം പറയുന്നതും പതിവാണ്. ഇത്തരം പ്രശ്നങ്ങള്‍ പ്രദേശവാസികള്‍ക്ക് ഒറ്റയ്ക്ക് നേരിടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രദേശത്തെ അഞ്ച് റസിഡന്‍സ് അസോസിയേഷനുകള്‍ ചേര്‍ന്ന് റിവ്യര്‍വ്യു റോഡ് പ്രൊട്ടക്ഷന്‍ മൂവ്മെന്റ് എന്ന പേരില്‍ പൊതുവേദി രൂപീകരിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് സോമശേഖരപിള്ള, സെക്രട്ടറി പി.എ.ഹരികുമാര്‍, ജോയിന്റ് സെക്രട്ടറി മെജോ വി. കുര്യാക്കോസ്,മെംബര്‍മാരായ സി.പി.കൃഷ്ണകുമാര്‍, എസ്.ശ്രീനിവാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!