ChuttuvattomThodupuzha

പുഴയോരം ബൈപ്പാസ് വീണ്ടും വിവാദ കേന്ദ്രമാകുന്നു; പുലര്‍ച്ചെ ഭൂമിയേറ്റെടുക്കാനെത്തി പൊതുമരാമത്ത് വകുപ്പ്

തൊടുപുഴ: പുഴയോരം ബൈപ്പാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാതയോരത്തെ വീടിന്റെയും കടയുടെയും സമീപത്തെ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമം ഭൂ ഉടമകളും എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. പുലര്‍ച്ചെ ആറ് മണിക്ക് ശേഷം മണ്ണ് മാന്തിയന്ത്രവുമായി എത്തിയ ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. പ്രവേശന കവാടത്തിലെ അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ച് നീക്കാതെ ഉള്ളിലേക്ക് കയറിയുള്ള ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ നീക്കത്തിനെതിരെയായിരുന്നു ഉടമകളുടെ എതിര്‍പ്പ്.
നിര്‍മാണം അവസാന ഘട്ടത്തിലെത്തി തുറന്ന് കൊടുക്കാറായ പുഴയോരം ബൈപ്പാസാണ് വീണ്ടും വിവാദ കേന്ദ്രമാകുന്നത്. തൊടുപുഴ – പാലാ റൂട്ടില്‍ നിന്നും പുഴയോരം ബൈപ്പാസിലേക്കുള്ള പ്രവേശന കവാടം കഴിഞ്ഞ് ആശുപത്രിയോട് ചേര്‍ന്നുള്ള രണ്ട് സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കാനാണ് രാവിലെ ആറ് മണിക്ക് ശേഷം മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. ആ സമയമായിരുന്നതിനാല്‍ പ്രദേശത്ത് ആളുകളും കുറവായിരുന്നു. എന്നാല്‍ വിവരമറിഞ്ഞ് ഭൂ ഉടമകള്‍ എതിര്‍പ്പുമായെത്തി. സ്ഥലം ഏറ്റെടുക്കുന്ന നടപടി താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് കോടതിയുടെ ഉത്തരവുണ്ടെന്നും ഉടമകള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ ഏത് വിധേനയും ഭൂമി ഏറ്റെടുക്കുമെന്ന നിലപാടില്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഉറച്ച് നിന്നു. ഇതോടെ എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്ഥലത്തെത്തി. റോഡിനായി ഭൂമി ഏറ്റെടുക്കുന്നതില്‍ വിവേചനം ഉണ്ടെന്നും ഒരു വിഭാഗം ആളുകളുടെ ഭൂമി മാത്രം ഏറ്റെടുക്കുന്നത് തടയുമെന്നും ഇവര്‍ വ്യക്തമാക്കി. പ്രവേശനകവാടത്തിലെ വലത് ഭാഗത്തെ കെട്ടിടം പൊളിച്ച് നീക്കിയെങ്കിലും അപകടാവസ്ഥയിലായ ഇടത് വശത്തെ കെട്ടിടം പൊളിക്കാത്തത് ഉദ്യോഗസ്ഥരുടെ ഒത്തുകളിമൂലമാണെന്നും ഇവര്‍ ആരോപിച്ചു. കൂടുതലാളുകള്‍ സ്ഥലത്തേക്കെത്തിയതോടെ പ്രതിഷേധവും ശക്തമായി. ഇതോടെ മണ്ണ് മാന്തി യന്ത്രവുമായി വാഹന ഉടമയും കരാറുകാരനും സ്ഥലത്ത് നിന്നും മടങ്ങി. അപ്പോഴേക്കും പോലീസും എത്തിയിരുന്നു. മുന്നറിയിപ്പില്ലാതെ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ പ്രധിഷേധക്കാര്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന നിര്‍ദ്ദേശത്തോടെ ഇരുവിഭാഗങ്ങളോടും മടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരും ഉദ്യോഗസ്ഥരും മടങ്ങി. പിന്നീട് പൊതുമരാമത്ത് വകുപ്പ് ഓഫീസിലെത്തി ചര്‍ച്ച നടത്തിയെങ്കിലും വ്യക്തമായ തീരുമാനത്തിലെത്തിയില്ല.

Related Articles

Back to top button
error: Content is protected !!