ChuttuvattomThodupuzha

പുഴയോര ബൈപ്പാസ്; പി.ഡബ്ല്യു.ഡി ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ചൊവ്വാഴ്ച്ച

തൊടുപുഴ: പുഴയോര ബൈപ്പാസ് റോഡ് വീതി കൂട്ടുന്നതിനായി തുടങ്ങിവെച്ച ഭൂമി ഏറ്റെടുക്കല്‍ നടപടികളിലെ പ്രത്യക്ഷമായ അഴിമതിയ്ക്കും സ്വജനപക്ഷപാതത്തിനുമെതിരെ എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച 11ന് തൊടുപുഴ പി.ഡബ്ല്യു.ഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.ചൊവ്വാഴ്ച്ച 10ന് യൂണിയന്‍ ആസ്ഥാനത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ചില്‍ ശാഖകളുടെയും പോഷക സംഘടനകളുടെയും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ബൈപ്പാസ് റോഡിന്റെ തുടക്കത്തില്‍ ഇടത് ഭാഗത്തുള്ള 3.25 സെന്റ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കുന്നത് ഒഴിവാക്കിയാണ് പി.ഡബ്ല്യു.ഡി എന്‍ജിനിയര്‍മാര്‍ അലൈന്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. അലൈന്‍മെന്റ് നിശ്ചയിക്കുന്ന സമയത്ത് എക്സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന ഉദ്യോഗസ്ഥന്റെ ബന്ധുവിന്റെ സ്ഥലം ഒഴിവാക്കുന്നതിനാണിതെന്ന് ആരോപണമുണ്ട്. കെട്ടിടം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാമത് കല്ലിട്ടതിലും നിഗൂഢതയുണ്ട്. റോഡിന്റെ അനാവശ്യ വളവുകളും മറ്റും പ്രഥമദൃഷ്ട്യാ അഴിമതി ബോധ്യമാക്കുന്നതാണ്. റോഡ് നിര്‍മ്മാണത്തില്‍ അശാസ്ത്രീയമായ അറിവുള്ള പി.ഡബ്ല്യു.ഡി എഞ്ചിനിയര്‍മാരാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കിയുളള റോഡ് നിര്‍മ്മാണത്തില്‍ ഇത്രയേറെ അപാകതകള്‍ വരുത്തിയിട്ടുള്ളത്. ഇതില്‍ വ്യക്തമായ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ട്. ഈ നടപടി റോഡിന്റെ വലതുഭാഗത്തുള്ള ഭൂവുടമകളെ അന്യായമായി ബാധിച്ചിട്ടുണ്ട്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് ശക്തമായ നിയമനടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടാണ് യൂണിയന്റെ നേതൃത്വത്തില്‍ സമരരംഗത്ത് ഇറങ്ങുന്നതെന്ന് നേതാക്കള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!