Thodupuzha

പെട്ടിമുടി – ഇഡലിപ്പാറ റോഡ് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണം : മനുഷ്യാവകാശ കമ്മീഷന്‍

തൊടുപുഴ : ഇടമലക്കുടി സമഗ്ര വികസനത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്ന പെട്ടിമുടി മുതല്‍ ഇഡലിപ്പാറ വരെയുള്ള 7.2 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.പൊതുജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് അടിമാലി ട്രൈബല്‍ വെല്‍ഫയര്‍ ഓഫീസര്‍ക്കാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. പനി ബാധിച്ച്‌ അവശയായ ഇടമലക്കുടി മീന്‍കൊത്തി സ്വദേശിയായ പട്ടികവര്‍ഗ്ഗ വിഭാഗക്കാരിയായ യുവതി വള്ളിയെ ബന്ധുക്കളും പഞ്ചായത്ത് വൈസ് പ്രസിഡന്റും ചേര്‍ന്ന് മഞ്ചലില്‍ 10 കിലോമീറ്റര്‍ ചുമന്ന് വാഹനത്തിലെത്തിച്ച സംഭവത്തില്‍ കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്.

കമ്മീഷന്‍ ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പ്രദേശത്ത് റോഡ് നിര്‍മ്മാണത്തിലുള്ള നടപടികള്‍ ആരംഭിച്ചതായി ദേവികുളം തഹസില്‍ദാറും അടിമാലി ട്രൈബല്‍ വെല്‍ഫയര്‍ ഓഫീസറും കമ്മീഷനെ നേരില്‍ അറിയിച്ചു.

13.70 കോടി മുടക്കിയാണ് പെട്ടിമുടി – ഇഡലിപ്പാറ റോഡ് നിര്‍മ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് വര്‍ക്കില്‍ കരാറില്‍ ഏര്‍പ്പെട്ട് കഴിഞ്ഞു.രണ്ടാംഘട്ടമായി ഇഡലിപ്പാറ മുതല്‍ സൊസൈറ്റി കുടി വരെയുള്ള 3 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കുന്നതിന് 4.75 കോടി പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്. മീന്‍കൊത്തി കുടിക്കാര്‍ക്ക് വനപാതയിലൂടെ 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാത്രമേ മാങ്കുളം ആനക്കുളത്ത് എത്താന്‍ കഴിയുകയുള്ളുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയെ ചുമന്ന് വാഹനത്തിലെത്തിക്കേണ്ടി വന്നത് ഇതുകൊണ്ടാണ്.

പല കുടികളിലും വൈദ്യുതി ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ശേഷിക്കുന്ന കുടികളിലും വൈദ്യുതി എത്തിക്കും. ഇന്റര്‍നെറ്റ് – മൊബൈല്‍ കണക്ഷന്‍ ലഭിക്കുന്നതിനുള്ള തുക ബി. എസ്. എന്‍ .എല്ലിന് കൈമാറിയിട്ടുണ്ട്. ഒരു എല്‍. പി. സ്‌കൂളും പട്ടികവര്‍ഗ്ഗ വകുപ്പിന്റെ രണ്ട് പ്രീ മെട്രിക് ഹോസ്റ്റലുകളും പ്രദേശത്തുണ്ട്. ഉയര്‍ന്ന ക്ലാസ്സികളിലുള്ള കുട്ടികള്‍ പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും പ്രീ മെട്രിക് ഹോസ്റ്റലിലും താമസിച്ച്‌ പഠിക്കുന്നു. പ്രാഥമികാരോഗ്യ കേന്ദ്രവും ഹോമിയോ ആയുര്‍വേദ ഡിസ്‌പെന്‍സറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ ഉത്തരവിന്‍മേല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

 

Related Articles

Back to top button
error: Content is protected !!