Thodupuzha

സേഫ് പദ്ധതി: ഇടുക്കി ജില്ലയില്‍ സുരക്ഷിതമാകുന്നത് 400 ഭവനങ്ങള്‍

തൊടുപുഴ: സുരക്ഷിതമായതും എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും കൂടിയതുമായ ഭവനങ്ങളൊരുക്കാന്‍ പട്ടികജാതി വിഭാഗ കുടുംബങ്ങളെ പര്യാപ്തമാക്കുന്നതിനുള്ള സേഫ് (സെക്യൂര്‍ അക്കോമഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്‌മെന്റ്) പദ്ധതി പ്രകാരം ജില്ലയില്‍ തെരഞ്ഞെടുത്തത് 400 ഭവനങ്ങള്‍.
നിലവില്‍ പട്ടികവിഭാഗങ്ങള്‍ക്കായി വകുപ്പ് ഭവന പൂര്‍ത്തീകരണ പദ്ധതി നടപ്പാക്കുന്നുണ്ടെങ്കിലും പൂര്‍ത്തീകരിച്ച വീടുകളില്‍ സുരക്ഷിതമായ മേല്‍ക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, ടൈല്‍ ചെയ്ത തറ, ബലപ്പെടുത്തിയ ചുവര്, പ്ലംബിങ്, വയറിങ്, പ്ലാസ്റ്ററിങ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പടുത്താന്‍ വിവിധ തരത്തിലുള്ള തടസ്സം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് കൂടുതല്‍ സൗകര്യങ്ങളോട് കൂടി ഭവനങ്ങള്‍ പുനരുദ്ധരിക്കുന്നതിന് സേഫ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ വിവിധ പദ്ധതികളിലായി നിരവധി പട്ടികവിഭാഗങ്ങള്‍ക്ക് വീടുണ്ടെങ്കിലും മിക്കവയും അടച്ചുറപ്പുള്ളതല്ല. പലതും പണി പൂര്‍ത്തിയാകാത്തതും വലിയ തോതില്‍ നവീകരണം ആവശ്യമായതുമാണ്.നിത്യചെലവിനുപോലും ബുദ്ധിമുട്ടുന്നവര്‍ക്ക് നവീകരണത്തിനുള്ള തുക കണ്ടെത്തുന്നത് വലിയ ബാധ്യതയാണ്. ഇതോടെയാണ് സേഫ് പദ്ധതിയുമായി വകുപ്പ് എത്തുന്നത്.
സര്‍ക്കാറിന്റെ വിവിധ പദ്ധതികളില്‍ വീട് നിര്‍മാണം ആരംഭിച്ച് എങ്ങനെയെങ്കിലും വാര്‍ക്ക നടത്തി വീട്ടില്‍ താല്‍ക്കാലിക സംവിധാനങ്ങളൊരുക്കി ഭൂരിഭാഗം പേരും താമസം തുടങ്ങുകയാണ് ചെയ്യുന്നത്. മറ്റ് ജോലികള്‍ ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ വീടുകള്‍ പാതിവഴിയില്‍ അങ്ങനെ കിടക്കുന്ന സാഹചര്യം പദ്ധതിവഴി ഒഴിവാക്കാന്‍ കഴിയും. ഈ വര്‍ഷം 400 പേര്‍ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. രണ്ട് ലക്ഷം രൂപയാണ് ഭവന നവീകരണത്തിന് അനുവദിക്കുക.

ഈ വീടുകളും സേഫ് പദ്ധതി തുക ഉപയോഗിച്ച് നവീകരിക്കും. മൂന്ന് ഗഡുക്കളായാണ് തുക അനുവദിക്കുക. രണ്ടുലക്ഷം രൂപയില്‍ ഒന്നാം ഗഡു 50,000 രൂപയും രണ്ടാം ഗഡു ഒരു ലക്ഷവും മൂന്നാം ഗഡു 50,000 രൂപയുമാണ്. ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാവും തുക നല്‍കുക.
വകുപ്പില്‍ നിയമിതരാകുന്ന അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ക്കാവും പദ്ധതി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. ഒരു ലക്ഷം രൂപവരെ വരുമാന പരിധിയുള്ളതും 2010 ഏപ്രില്‍ ഒന്നിന് ശേഷം ഭവന പൂര്‍ത്തീകരണം നടത്തിയിട്ടുള്ളതും എന്നാല്‍, കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ ധനസഹായം ലഭിക്കാത്തവരുമാണ് ധനസഹായത്തിന് അര്‍ഹര്‍.

 

Related Articles

Back to top button
error: Content is protected !!