Thodupuzha

സമന്വയം 2022; നൃത്താവിഷ്‌കാരം 29ന്

 

തൊടുപുഴ: അച്ഛനും അമ്മയും രണ്ട് മക്കളും ചേര്‍ന്നൊരുക്കുന്ന ഭരതനാട്യത്തിന്റെ വേറിട്ട ആവിഷ്‌ക്കാരം വേദിയിലേക്ക്. പടി. കോടിക്കുളം ഗവ. ഹൈസ്‌കൂളിലെ മുന്‍ മലയാളം അധ്യാപകന്‍ പി.കെ. സുരേഷ്, ഭാര്യ ആര്‍.എല്‍.വി ലത, മകള്‍ മീനാക്ഷി, മകന്‍ ശ്രീഹരി എന്നിവരാണ് സമന്വയം നൃത്താവിഷ്്കാരം ഒരുക്കുന്നത്. 29ന് വൈകിട്ട് നാലിന് തൊടുപുഴ ഷെറോണ്‍ ഓഡിറ്റോറിയത്തിലാണ് സമന്വയം 2022ന്റെ അരങ്ങേറ്റം.
തൃപ്പൂണിത്തുറ ആര്‍.എല്‍.വി സംഗീത കോളജില്‍ നിന്നും ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പോസ്റ്റ് ഡിപ്ലോമ നേടിയ ലത കാല്‍ നൂറ്റാണ്ടിലേറെയായി നൃത്ത അധ്യാപികയാണ്. സുരേഷ് 1996ലെ എം.ജി സര്‍വകലാശാലാ ബി.എഡ് കലോത്സവത്തില്‍ ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, മോഹിനിയാട്ടം എന്നിവയില്‍ പുരസ്‌കാരം നേടി കലാപ്രതിഭയായിട്ടുണ്ട്. അധ്യാപക ജോലിയില്‍ നിന്ന് വിരമിച്ച ശേഷം അണ്ണാമല യൂണിവേഴ്സിറ്റിയില്‍ ഭരതനാട്യം എം.എക്ക് പഠിക്കുകയാണിപ്പോള്‍. അച്ഛന് കൂട്ടായി എം.ബി.എ വിദ്യാര്‍ഥിനിയായ മകള്‍ മീനാക്ഷിയും ഇതേ കോഴ്സിനുണ്ട്. സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിലെ കലാതിലകമായിരുന്നു മീനാക്ഷി. 2020ല്‍ തൊടുപുഴ അല്‍ അസ്ഹര്‍ കോളജില്‍ നടന്ന എം.ജി കലോത്സവത്തില്‍ ഭരതനാട്യത്തില്‍ സമ്മാനം നേടി. എട്ടാം ക്ലാസിലേക്ക് എത്തിയ മകന്‍ ശ്രീഹരിയും സ്‌കൂള്‍ കലോത്സവ നൃത്ത വേദിയില്‍ മികവ് തെളിയിച്ചു. തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ചിദംബരം സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ഡയറക്ടറാണ് ആര്‍.എല്‍.വി ലത. ആര്‍.എല്‍.വി കോളജിലെ ഭരതനാട്യ വിഭാഗം മുന്‍ മേധാവി കലാക്ഷേത്രം വിലാസിനി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂളിലെ നൃത്ത വിദ്യാര്‍ഥികളുടെ അരങ്ങേറ്റവും ഇതോടൊപ്പമുണ്ടെന്ന് പി.കെ. സുരേഷ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!